കേരള ബ്ലാസ്റ്റേഴ്സ് യുവതാരം അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിനോട് അർജുൻ കാണിച്ച ആത്മാർത്ഥതയ്ക്കും പ്രൊഫഷണലിസത്തിനും നന്ദി പറയുന്നതായി ക്ലബ് അറിയിച്ചു. അർജുൻ ജയരാജിന് ഈ സീസണിൽ അവസരം കിട്ടുക പ്രയാസമാണെന്ന് മനസ്സിലാക്കുന്നു എന്നും അതാണ് താരം ആവശ്യപ്പെട്ടപ്പോൾ കരാർ അവസാനിപ്പിക്കാൻ ക്ലബ് തയ്യാറായത് എന്നും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്സ് ഡയറക്ടർ കരോളിസ് സ്കിങ്കിസ് പറഞ്ഞു.
അർജുൻ ജയരാജിന്റെ പുരോഗതി ക്ലബ് വിലയിരുത്തും എന്നും അദ്ദേഹം പറഞ്ഞു. കരാർ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെ ആണ് ക്ലബുമായുള്ള കരാർ അർജുൻ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണ വലിയ പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ക്ലബിനായി ഒരു മത്സരം പോലും കളിക്കാൻ ആകാതെയാണ് ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഐ എസ് എൽ സ്ക്വാഡിൽ എത്താൻ അർജുൻ ജയരാജിനായിരുന്നില്ല. ഈ സീസണിൽ സ്ക്വാഡിൽ എത്തി എങ്കിലും ആദ്യ മൂന്ന് മത്സരത്തിലും മാച്ച് സ്ക്വാഡിൽ അർജുൻ ഉണ്ടായിരുന്നില്ല.
യുവതാരങ്ങളായി നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് അവസരം കിട്ടും എന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് ക്ലബുമായി ചർച്ച ചെയ്ത് അർജുൻ കരാർ റദ്ദാക്കിയത്. താരം ഗോവയിലെ ക്യാമ്പ് വിട്ട് കേരളത്തിലേക്ക് തിരിച്ചു. ഇനി ഐ ലീഗിലെ ഏതെങ്കിലും ക്ലബിൽ ഇടം നേടുക ആകും അർജുന്റെ ലക്ഷ്യം. മുമ്പ് ഗോകുലം കേരളക്ക് വേണ്ടി ഐലീഗിൽ നടത്തിയ പ്രകടനങ്ങൾ ആയുരുന്നു അർജുനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്.