കാണികൾ ഉള്ള ഹോം, കളി ഇല്ലാത്ത ഹോം, സ്വന്തം തട്ടകത്തിൽ ദയനീയം കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ എന്ന ഇന്ത്യയുടെ ഏതൊരു കായിക ടീമിനും ലഭിക്കാത്ത ഒരു ആരാധക കൂട്ടായ്മ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. തിങ്ങിനിറയുന്ന ഗ്യാലറി, അതും ഭൂരിഭാഗവും മഞ്ഞ ജേഴ്സിയും അണിഞ്ഞ് യൂറോപ്പിലൊക്കെ കാണുന്നത് പോലെ ഗ്യാലറിയെ മുഴുവൻ ടീമിന്റെ നിറത്തിലേക്ക് മാറ്റി ആഘോഷമാക്കുന്ന ആരാധകർ. എന്തിനാണ് ഈ ആരാധകർ ഈ ടീമിനെ പിന്തുണക്കുന്നത് എന്ന് ഫുട്ബോൾ അറിയാത്തവർക്കും ചിലപ്പോഴൊക്കെ ഫുട്ബോൾ അറിയുന്നവർക്കും സംശയമാണ്. അഞ്ചു വർഷത്തിനിടെ മിക്കപ്പോഴും ആ ആരാധകരോട് നീതി പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമിന് ആയിട്ടില്ല എന്നു തോന്നുന്നു.

രണ്ട് ഫൈനലുകളിൽ നമ്മൾ കളിച്ചു എന്നത് സത്യം. പക്ഷെ ആ സീസണുകളിൽ വരെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഫുട്ബോൾ വളരെ വിരളമായിരുന്നു. യൂറോപ്പിലെയും ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബുകളുടെയും ഒക്കെ ശരാശരി അറ്റന്റ്ഡൻസിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഗ്യാലറിയിൽ ആളുണ്ട്. എത്ര തോക്കുമ്പോഴും ചങ്ക് പൊട്ടി സ്വന്തം ടീമിനെ പിന്തുണക്കുന്ന ആ ആരാധകർക്ക് എന്താണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കൊടുക്കുന്നത്?

അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് ഹോമിൽ ഒരു വിജയം നേടിയത് എന്നാണെന്ന് ആരാധകരോട് ചോദിച്ചാൽ അവർക്ക് തന്നെ ഓർമ്മ കാണില്ല. അത്രയ്ക്ക് ദൂരെയാണ് നമ്മുടെ ഒരു ഹോം വിജയം. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ആ ജയം വന്നത്‌. ഡെൽഹി ഡൈനാമോസിന് എതിരെ. വീണ്ടും ഒരു ജനുവരി അടുത്തെത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് ഇങ്ങനെ അടുത്തത് എന്തെന്ന് അറിയാതെ ഇരിക്കുകയാണ്.

അവസാന 14 ഹോം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ആകെ രണ്ടു മത്സരങ്ങളാണ്. ഐ എസ് എല്ലിൽ അല്ലാതെ പ്രീസീസണിൽ തോറ്റ രണ്ട് മത്സരങ്ങൾ കണക്കിൽ എടുക്കാതെ ആണ് ഈ റെക്കോർഡ്. സാധാരണ സ്വന്തം ഹോമിൽ കാണികൾ കൂടുന്നത് എതിരാളികളെ കൂടുതൽ ബലഹീനരാക്കുകയും ഹോം ടീമിന് ശക്തി കൂട്ടുകയും ആണ് ചെയ്യുക. എന്നാൽ ഇവിടെ ഹോം ടീമിനാണ് ശക്തി കുറയുന്നത്. ഇത്രയും വലിയ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയുന്ന സന്തോഷത്തിൽ എതിരാളികൾ നന്നായി കളിച്ച് പോവുകയും ചെയ്യുന്നു.

സ്റ്റീവ് കോപ്പൽ പരിശീലകനായ സീസണിൽ അത്ര സുന്ദര ഫുട്ബോൾ ഒന്നുമല്ല നമ്മൾ കളിച്ചത് എങ്കിലും നമ്മടെ ഹോമിൽ വന്ന് ആർക്കും കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആ സീസണിൽ ഫൈനലിന് മുമ്പ് നടന്ന അഞ്ച് ഹോം മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ജയിച്ചിരുന്നു എന്നതും ഓർക്കുക. ഇത്രയും വലിയ ജനം തങ്ങളുടെ ഒപ്പം ഉണ്ട് എന്ന വലിയ ഗുണം ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മുതലാക്കണം. ഈ ആരാധകർ എത്ര തോറ്റാലും വീണ്ടും മഞ്ഞ ചായവും പൂശി സ്റ്റേഡിയത്തിൽ എത്തുമായിരിക്കും. അതുകൊണ്ട് ഇനിയും മോശമായി കളിച്ചാലും ക്ലബിന് യാതൊരു നഷ്ടവും വരാനില്ല. നഷ്ടം ആരാധകർക്ക് മാത്രമാണ്.