ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. തുടക്കത്തിൽ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്സ് പിന്നീട് രണ്ട് ചുവപ്പ് കാർഡും പരാജയവും ഏറ്റുവാങ്ങുക ആയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വന്നത് ലിത്വാനിയൻ താരം ഫെഡോർ ചേർണിച്ചിലൂടെയായിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിന്റെ ഒരു പിഴവ് മുതലാക്കിയായിരുന്നു ചേർന്നിച്ച് ഗോൾ നേടിയത്. താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ രണ്ടാമത്തെ ഗോൾ ആണിത്.
ആദ്യ പകുതിയുടെ അവസാനം ജീക്സൺ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നാലെ കരൺജിത് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച് ക്രെസ്പോ ഈസ്റ്റ് ബംഗാളിനെ ഒപ്പം എത്തിച്ചു. ആദ്യ പകുതി 1-1 എന്ന രീതിയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ദിമിയെയും ഫെഡോറിനെയും പിൻവലിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിലെ പ്രതീക്ഷ അവസാനിച്ചു. 71ആം മിനുട്ടിൽ സോൾ ക്രെസ്പോയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ നവോച സിംഗും ചുവപ്പ് കണ്ട് പുറത്ത് പോയി. ഇതോടെ ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി.
82ആം മിനുട്ടിൽ മഹേഷിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് വർധിപ്പിച്ചു. ഒരു സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് പരാജയ ഭാരം കുറച്ചു. മഹേഷ് 87ആം മിനുട്ടിൽ വീണ്ടും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ഇതോടെ അവർ വിജയം പൂർത്തിയാക്കി.
ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് 30 പോയിന്റിൽ നിൽക്കുകയാണ്. ഇനി രണ്ട് മത്സരങ്ങൾ കൂടെയാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഈസ്റ്റ് ബംഗാൾ ഈ വിജയത്തോടെ 21 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്.