രണ്ടാം പകുതിയിൽ കളി മറന്ന് കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിന്റെ വൻ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തു നിൽക്കണം. നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിന്റെ ലീഡാണ് ഇന്ന് തുലച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന കേരളം രണ്ടാം പകുതിയിൽ തകർന്ന് അടിയുക ആയിരുന്നു. നോർത്ത് ഈസ്റ്റ് ഒരു പെനാൾട്ടി നഷ്ടമാക്കിയില്ലായിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നേനെ.

ആദ്യ മത്സരത്തിൽ എ ടി കെ മോഹൻബഗാനോട് ഏറ്റ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട കേരള ബ്ലാസ്റ്റേഴ്സ് നിരവധി മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങിയത്. ആ മാറ്റങ്ങൾ ഫലിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. മത്സരം ആരംഭിച്ച് അഞ്ചു മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. ക്യാപ്റ്റൻ സിഡോഞ്ച ആണ് ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. സത്യസെൻ എടുത്ത ഫ്രീകിക്ക് ഒരു മനോഹര ഹെഡറിലൂടെ സിഡോഞ്ച വലയിൽ എത്തിക്കുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സിഡോഞ്ച നേടുന്ന രണ്ടാം ഗോളാണിത്. കഴിഞ്ഞ സീസണിൽ താരം ഒരു ഗോൾ നേടിയിരുന്നു.

ആദ്യ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 22ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചിരുന്നു. എന്നാൽ സുവർണ്ണാവസരം ഹൂപ്പർ പാഴാക്കി. സിഡോഞ്ച നൽകിയ പാസ് ടാർഗറ്റിൽ ആയിരുന്നു എങ്കിൽ ഗോളായേനെ. പക്ഷെ ഹൂപ്പറിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്ത് പോയി. ആദ്യ പകുതിയിൽ അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടി. ഒരു പെനാൾട്ടിയിൽ നിന്ന് ഹൂപ്പർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ഹൂപ്പറിന്റെ ക്ലബിനായുള്ള ആദ്യ ഗോളാണിത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എതിരായി. 51ആം മിനുട്ടിൽ ഒരു കോർണറിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തിരിച്ചടിച്ചു. അപ്പിയ ആയിരുന്നു ഗോൾ നേടിയത്‌. ഈ ഗോളോടേ നോർത്ത് ഈസ്റ്റ് തുടർ ആക്രമണങ്ങൾ തുടങ്ങി. 66ആം മിനുട്ടിൽ അവർക്ക് സമനില നേടാൻ വേണ്ടി ഒരു പെനാൾട്ടി ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത അപ്പിയക്ക് ലക്ഷ്യം പിഴച്ചു. ബോൾ ബാറിൽ തട്ടി പുറത്തേക്ക് പോയി.

അപകടം മണത്ത കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ വരുത്തി കളി നിയന്ത്രിക്കാൻ ശ്രമിച്ചു. ഫകുണ്ടോ പെരേര, ജീക്സൺ എന്നിവരെ കളത്തിൽ ഇറക്കി എങ്കിലും കാര്യം ഉണ്ടായില്ല. 89ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് സമനില ഗോൾ കണ്ടെത്തി. ഇദ്രിസ സില്ല ആണ് കേരളത്തിന്റെ ഹൃദയം തകർത്ത് സമനില ഗോൾ നേടിയത്. രണ്ട് മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വെറും ഒരു പോയിന്റുമായി നിൽക്കുകയാണ്. നോർത്ത് ഈസ്റ്റിന് നാലു പോയിന്റായി.