കേരള ബ്ലാസ്റ്റേഴ്സും ക്ലബിലെ മൂന്ന് വിദേശ താരങ്ങളും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസം ശമ്പളത്തിന്റെ പേരിലാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ഒഗ്ബെചെ, സിഡോഞ്ച ഒപ്പം പുതിയ താരമായ തിരി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ ഉള്ള വിദേശ താരങ്ങൾ. ഇവർ മൂന്നു പേരോടും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ക്ലബിന്റെ സാമ്പത്തിക നില മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ശമ്പളം കുറയ്ക്ക് ക്ലബ് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം 30 മുതൽ 40% വരെ കുറയ്ക്കാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ എതിർത്ത തിരി തന്റെ കരാറിൽ പറയുന്ന ശമ്പളം നൽകിയില്ല എങ്കിൽ ക്ലബ് വിടും എന്ന് അറിയിച്ചിരിക്കുകയാണ്. ഒഗ്ബെചെയും സിഡോഞ്ചയും ഇതുവരെ ശമ്പളം കുറയ്ക്കാൻ സമ്മതിച്ചിട്ടുമില്ല.