കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഐ എസ് എൽ പ്ലേ ഓഫുമായി ബന്ധപ്പെട്ട വിവാദങ്ങൾ CAS-നു മുന്നിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഫുട്ബോൾ മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെ അന്തിമവിധി പറയാൻ അധികാരമുള്ള ഫിഫയുടെ അംഗീകാരമുള്ള സ്വതന്ത്ര കോടതിയാണ് The Court of Arbitration for Sport. സ്വിറ്റ്സർലാന്റ് ആണ് CASന്റെ ആസ്ഥാനം. ഇപ്പോൾ തങ്ങൾ ഈ വിഷയത്തിൽ CASനു മുന്നിൽ അപ്പീൽ നൽകിയിരിക്കുകയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് AIFFനെ അറിയിച്ചിരിക്കുകയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇനി CAS വിധി വന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പിഴ അടക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളൂ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി പ്ലേ ഓഫ് മത്സരത്തിനിടയിൽ പിച്ചിൽ നിന്ന് ഇറങ്ങിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തിയിരുന്നു. ഒപ്പം പരസ്യമായി മാപ്പു പറയാമും ക്ലബിനോട് പറഞ്ഞിരുന്നു. ക്ലബ് മാപ്പു പറഞ്ഞു എങ്കിലും ഇതുവരെ പിഴ അടച്ചിരുന്നില്ല.
പ്ലേ ഓഫിൽ ഒരു ഫ്രീകിക്കിൽ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോൾ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളംവിട്ടിരുന്നത്. ഗോളിന് കാരണമായ ഫ്രീകിക്ക് ഗോൾ സ്‌കോറർ സുനിൽ ഛേത്രിയെ എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ ക്ലബ് എഐഎഫ്‌എഫിന് പ്രതിഷേധം അറിയിച്ചു എങ്കിലും അത് ക്ലബിന് എതിരായ നടപടിയുടെ കടുപ്പം കുറച്ചില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന് എഐഎഫ്എഫ് നടത്തുന്ന ടൂർണമെന്റുകളിൽ നിന്ന് 10 മത്സരങ്ങളുടെ വിലക്കും എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും വിധിച്ചിരുന്നു.














