കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് മിലോസിനെ മൂന്ന് മത്സരങ്ങളിൽ വിലക്കിയ തീരുമാനം കടുത്ത നടപടി ആയി പോയി എന്ന് ബാസ്റ്റേഴ്സ് സഹ പരിശീകൻ ഫ്രാങ്ക് ദോവൻ. മുംബൈ സിറ്റിക്ക് എതിരായ ഫൗളിന് സെന്റർ ബാക്കായ മിലോ ഡ്രിഞ്ചിചിന് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. മിലോസിന്റെ പ്രതികരണം ശരിയായിരുന്നില്ല എന്ന് സമ്മതിക്കുന്നു. അദ്ദേഹം കുറച്ചു കൂടെ പക്വതയോടെ പെരുമാറണമായിരുന്നു. ഫ്രാങ്ക് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
2-0ന് പിറകിൽ നിൽക്കുന്നത് കൊണ്ടും ഒപ്പം ആ സമയത്ത് മുംബൈ സിറ്റി താരങ്ങൾ വെറുതെ സമയം കളഞ്ഞതു കൊണ്ടുമാണ് മിലോസ് അങ്ങനെ പ്രതികരിച്ചത്. ആ റെഡ് കാർഡ് ശരിയായ തീരുമാനം ആയിരുന്നു എങ്കിലും മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടുതൽ ആണ് എന്ന് കോച്ച് പറഞ്ഞു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ ആകും മിലോസിന് നഷ്ടമാവുക. മുംബൈ സിറ്റിയുടെ താരമായ വാൻ നെയ്ഫിനും മൂന്ന് മത്സരത്തിൽ വിലക്കുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഡിഫൻഡർ ആയ ലെസ്കോവിച് പരിക്ക് കാരണം പുറത്താണ്. ഇതോടെ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരളിൽ തീർത്തും ഇന്ത്യൻ ഡിഫൻസുമായാകും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മിലോസ് മികച്ച പ്രകടനം ഡിഫൻസിൽ കാഴ്ചവെച്ചിരുന്നു.