കെ.പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുമായുള്ള കരാർ 2023 വരെ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജനുവരി 9, 2021: ഇരുപത്തി മൂന്നുകാരനായ പ്രശാന്ത് കറുത്തടത്കുനിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് സന്തോഷപൂർവ്വം അറിയിച്ചു . ഐഎസ്എൽ ഏഴാം സീസണിൽ ടീമിന്റെ ഭാഗമാണ് കോഴിക്കോട് സ്വദേശിയായ ഈ വിങ്ങർ. അത്ലറ്റിക്സിൽ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്ബോളിൽ ആരംഭം കുറിച്ചത് 2008ൽ ആണ്. അണ്ടർ 14 വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണൽ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2016ലാണ് ഈ വലം കാൽ മധ്യനിരക്കാരൻ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടത്. ശേഷം ചെന്നൈ സിറ്റി എഫ്സി ക്ലബിലേക് ലോണിൽ പോയി കളിക്കുകയും ചെയ്തു അവരുടെ ആദ്യ ടീമിൽ കളിച്ച് പരിചയ സമ്പത്ത് നേടി. കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ചു. വിങ്ങിൽ 12 മൽസരങ്ങൾ കെബിഎഫ്സിക്ക് വേണ്ടി കളിച്ചു കൂടാതെ എഫ്സി ഗോവയ്ക്ക് എതിരായ നിർണായക മത്സരത്തിൽ ഗോൾ അവസരമൊരുക്കി.

“സത്യത്തിൽ അനുഗ്രഹീതനായ പോലെ എനിക്ക് തോന്നുന്നു. അടുത്ത രണ്ട് വർഷം കൂടി എന്റെ ഹോം ക്ലബ്ബിനൊപ്പം തുടരാൻ അവസരം കിട്ടിയത് മഹത്തായ കാര്യമായി കാണുന്നു. ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. പക്ഷേ അടുത്ത രണ്ട് വർഷം കഴിവിന്റെ പരമാവധി ക്ലബ്ബിന് നൽകാൻ ഞാൻ ഒരുക്കമാണ്. ആരാധകർക്ക് മുന്നിൽ ഉടൻ കളിക്കാനുമാകും” കരാർ പുതുക്കിയ ശേഷം പ്രശാന്ത് പറഞ്ഞു.

ഈ സീസണിൽ വിങ് ബാക്ക് സ്ഥാനത്തും പ്രശാന്ത് കളിച്ചു. രണ്ട് മത്സരത്തിൽ തുടക്കം മുതൽ ഇറങ്ങി. മറ്റ് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി. ടീമിന് ആവശ്യമുള്ള ഘട്ടങ്ങളിൽ ടീമിനായി എല്ലാം നൽകാൻ ഈ വേഗം കൂടിയ വിങ്ങർ തയ്യാറാണ്. വരും വർഷങ്ങളിൽ ആദ്യ പതിനൊന്നിൽ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

“പരിശീലനത്തിൽ കഠിനധ്വാനി ആണ് പ്രശാന്ത്. ടീമിന് ആവശ്യമുള്ളപ്പോൾ കഴിവിന്റെ പരമാവധി അദ്ദേഹം നൽകാറുണ്ട്. പുതിയ കരാർ അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ കുറച്ചു വർഷമായി അദ്ദേഹം ക്ലബ്ബിന്റെ കൂടെയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ പോലൊരു വലിയ ക്ലബ്ബിന് വേണ്ടി കളിക്കുന്നതിനെ കുറിച്ചു അദ്ദേഹത്തിനറിയാം. ക്ലബ്ബിനൊപ്പം അദ്ദേഹത്തിന്റെ വളർച്ചയെ പ്രതീക്ഷയോടെ നോക്കി കാണുന്നു” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു.