ഐ എസ് എല്ലിന്റെ മെസ്സി!! ഒഡീഷയുടെ നെഞ്ചത്ത് നൃത്ത ചുവടുമായി ഗ്രെഗ് സ്റ്റുവാർട്ട്

20211214 211150

ഐ എസ് എല്ലിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് ഇന്ന് ഒഡീഷയും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിൽ കണ്ടത്. ഗ്രെഗ് സ്റ്റുവാർട്ടിന്റെ പ്രകടനം അത്ര മികച്ചതായിരുന്നു. ഐ എസ് എല്ലിന് ഒരു മെസ്സിയെ കിട്ടി എന്ന് തോന്നിപ്പിക്കുന്ന ചുവടുകളാണ് ഇന്ന് ഗ്രെഗ് സ്റ്റുവർട്ടിൽ നിന്ന് കണ്ടത്. ഡ്രിബിളിംഗും ഫ്രീകിക്കുമൊക്കെ ആയി താരം കളം നിറഞ്ഞു. ഇതിനകം തന്നെ ഐ എസ് എല്ലിൽ മനോഹരമായ ഒരു ഗോൾ നേടി ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ സ്റ്റുവർട്ടിൽ എത്തിയിരുന്നു. ഇന്ന് അദ്ദേഹം തന്റെ പൂർണ്ണ ശക്തിയിൽ അവതാരമെടുത്തു. ഒഡീഷയെ ജംഷദ്പൂർ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച മത്സരത്തിൽ ആദ്യ 35 മിനുട്ടുകളിൽ തന്നെ ഗ്രെഗ് സ്റ്റുവർട്ട് ഹാട്രിക്ക് നേടി. സ്കോട്ടിഷ് താരം നേടിയ മൂന്നു ഗോളുകളിൽ മൂന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു.

കളി തുടങ്ങി രണ്ടാം മിനുട്ടിൽ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി ആണ് ഒരു ഹെഡറിലൂടെ ജംഷദ്പൂരിന് ലീഡ് നൽകിയത്. ഇതിനു ശേഷമായിരുന്നു സ്റ്റുവർട്ടിന്റെ താണ്ഡവം. നാലാം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് മനോഹരമായ ഫീറ്റുകളോടെ ഒഡീഷ താരങ്ങളെ അകറ്റിയ സ്റ്റുവർട്ട് ഒരു കേർളറിലൂടെ വല കണ്ടെത്തി. 21ആം മിനുട്ടിൽ ഒരു ഡയറക്ട് ഫ്രീകിക്കിൽ നിന്നായിരുന്നു താരത്തിന്റെ രണ്ടാം ഗോൾ. 35ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് മുന്നേറിയ സ്റ്റുവർട്ട് തന്റെ വലം കാലു കൊണ്ട് തൊടുത്ത ഒരു ഷോട്ടിലൂടെ ഹാട്രിക്കും പൂർത്തിയാക്കി. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഹാട്രിക്കാണിത്.

ഈ വിജയത്തോടെ ജംഷദ്പൂർ 11 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒഡീഷ 9 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു.

Previous articleഅവസാന അഞ്ചോവറിൽ മത്സരം തിരിച്ചുപിടിച്ച് പാക്കിസ്ഥാന്‍, രക്ഷകരായി ഇഫ്തിക്കര്‍ അഹമ്മദും ഷദബ് ഖാനും
Next articleബ്രണ്ടന്‍ കിംഗിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പൊരുതി നോക്കി ഷെപ്പേര്‍ഡ്, പക്ഷേ ടീമിന് വിജയമില്ല