3 ഗോളിന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത്

നാളെ ജംഷദ്പൂരിന് എതിരെ ഇറങ്ങുമ്പോൾ ഒരു വിജയം മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നുള്ളൂ. എന്നാൽ വിജയത്തിനും അപ്പുറം ലീഗിലെ ഒന്നാം സ്ഥാനം ലഭിക്കുക ആണെങ്കിലോ? നാളെ ജംഷദ്പൂരിനെതിരെ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാകും. അതോടെ അവർക്ക് ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം. മുംബൈ സിറ്റിക്കും 15 പോയിന്റ് ആണുള്ളത്. എന്നാൽ ഒന്നാം സ്ഥാനത്ത് എത്തണം എങ്കിൽ ഗോൾ ഡിഫറൻസിൽ മുംബൈ സിറ്റിയെ മറികടക്കേണ്ടതുണ്ട്.

മുംബൈ സിറ്റിക്ക് +7 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്സിന് +5ഉം. അതായത് 3 ഗോളുകളുടെ വ്യത്യാസത്തിൽ നാളെ വിജയിച്ചാൽ മുംബൈ സിറ്റിയെയും കേരളത്തിന് മറികടക്കാം. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയിട്ടുള്ള ജംഷദ്പൂരിന് എതിരെ 3 ഗോളുകൾ അടിക്കുക അത്ര എളുപ്പമാകില്ല. സീസൺ പകുതിയിൽ അധികം ബാക്കിയിരിക്കെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഇനിയും ഏറെ സമയം ഉണ്ട്. പ്രധാനം ഈ വിജയ ഫോം തുടരുക എന്നതാകും.