ഐ എസ് എല്ലിലും വംശീയ അധിക്ഷേപം. ഫുട്ബോൾ ലോകത്തെ ആകെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കളിക്കളത്തിൽ താരങ്ങൾ വംശീയാക്രമണം നേരിടുന്നത്. യൂറോപ്യൻ ഫുട്ബോളിൽ അടുത്തിടെ ഇത്തരം വംശീയാക്രമണങ്ങൾ കൂടുന്നുമുണ്ട്. ഇപ്പോൾ ഐ എസ് എല്ലിലും അങ്ങനെയൊരു പ്രശ്നം വന്നിരിക്കുകയാണ്.
ഇന്നലെ ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് വംശീയാധിക്ഷേപം ഉണ്ടായത്. മുംബൈ സിറ്റിയുടെ വിദേശ താരമായ കെവിൻ സെർജെയെ മാച്ച് റഫറി വംശീയമായി അധിക്ഷേപിച്ചു എന്ന് മുംബൈ പരിശീലകൻ ജോർഗെ കോസ്റ്റ പറഞ്ഞു. ഇത് അംഗീകരിക്കാൻ ആവില്ല എന്ന് മത്സര ശേഷം കോസ്റ്റ പറഞ്ഞു. വിദേശ താരങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയുടെ ഭാഗമാകാൻ ആണ് ഇവിടെ വരുന്നത്. അവർക്ക് ഇത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടു വരുന്ന കാഴ്ച ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സിറ്റി ഇത് സംബന്ധിച്ച് ഐ എസ് ൽ അധികൃതർക്ക് പരാതി നൽകും.