ഐ എസ് എല്ലിൽ ഞെട്ടൽ, ലൊബേരയെ എഫ് സി ഗോവ പുറത്താക്കി എന്ന് അഭ്യൂഹം

- Advertisement -

ഐ എസ് എല്ലിൽ നിന്ന് ഒരു ഞെട്ടിക്കുന്ന വാർത്ത തന്നെയാണ് വരുന്നത്. ഐ എസ് എല്ലിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവ തങ്ങളുടെ പരിശീലകനായ ലൊബേരയെ പുറത്താക്കുന്നു. ഗോവൻ മാധ്യമങ്ങൾ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ എന്തു കാരണത്തിലാണ് ലൊബേര ക്ലബ് വിടുന്നത് എന്നത് വ്യക്തമല്ല. ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണെന്നും അതല്ല യൂറോപ്പിൽ നിന്ന് മികച്ച ഓഫർ ലഭിച്ചതാണെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

അവസാന രണ്ട് സീസണുകളിലും എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പരിശീലകനാണ് ലൊബേര. മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിക്കുന്നതോടൊപ്പം മികച്ച ഇന്ത്യൻ ടാലന്റുകളെയും വളർത്തുന്നതിൽ ലൊബേരയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പ് നേടിക്കൊടുക്കാനും ലൊബേരയ്ക്ക് കഴിഞ്ഞു. ലൊബേരയുടെ കീഴിൽ കളിക്കുന്ന ഗോവ തന്നെ ആണ് ഇപ്പോഴും ഐ എസ് എല്ലിലെ ഏറ്റവും മികച്ച ടീം.

ഈ സീസണിൽ പ്ലേ ഓഫ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച സമയത്താണ് ഗോവയിൽ നിന്ന് ഇത്തരം വാർത്തകൾ വരുന്നത്. ലൊബേര ക്ലബ് വിടുകയാണെങ്കിൽ അത് എഫ് സി ഗോവയുടെ തന്നെ തകർച്ചയിലേക്ക് നയിച്ചേക്കും.

Advertisement