വിദേശ താരങ്ങൾ തിളങ്ങി, പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിജയം കൂടെ

ഐ എസ് എല്ലിന്റെ പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിജയം കൂടെ. ഇന്ന് പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മൂന്ന് ഗോളുകളും വിദേശ താരങ്ങൾ തന്നെയാണ് നേടിയത്‌. 18ആം മിനുട്ടിൽ ജോർഗെ ഡയസിന്റെ ഹെഡർ ആണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ലൂണ ആയിരുന്നു കോർണർ കിക്ക് എടുത്തത്. ഡയസിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളും കോർണറിൽ നിന്നാണ് വന്നത്‌. ലെസ്കോവിചിന്റെയും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഹോളാണ് ഇത്. ആൽവാരോ വാസ്കസ് ആണ് മൂന്നാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം ഗോൾ നേടിയിരുന്നു.

ഇനി കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് യാത്ര തിരിക്കും. അവുടെ ക്വാരന്റൈനിൽ പ്രവേശിക്കും മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട്.