കൊച്ചി, നവംബര്‍ 16, 2021: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ മുഖ്യ സ്‌പോണ്‍സറായി ഫാന്റസി ഗെയിമിങ് വിപണിയില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡായ എക്‌സ്‌ചേഞ്ച് 22നെ കെബിഎഫ്‌സി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ മത്സര, പരിശീലന ജഴ്‌സികളുടെ വലത് നെഞ്ചില്‍ എക്‌സ്‌ചേഞ്ച്22ന്റെ ലോഗോ സ്ഥാനം പിടിക്കും.
വെര്‍ച്വല്‍ സ്‌പോര്‍ട്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുള്ള ആദ്യ ഇന്ത്യന്‍ സ്ഥാപിത ഫാന്റസി ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്‌സ്‌ചേഞ്ച്22, 2019ലാണ് ആരംഭം കുറിച്ചത്. സ്‌പോര്‍ട്‌സും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ഉള്‍പ്പെടുത്താന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു അതുല്യ ആശയമാണ് ഈ ആപ്പിനുള്ളത്. കമ്പനികളുടെ ട്രേഡിങ് സ്‌റ്റോക്ക് സമാനതയില്‍ കളിക്കാരുടെ ഓഹരികള്‍ സാങ്കല്‍പ്പികമായി ട്രേഡ് ചെയ്യാന്‍ പ്ലാറ്റ്‌ഫോം ഉപയോക്താവിനെ അനുവദിക്കുന്നു. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഓഹരികള്‍ വാങ്ങാനും, വില്‍ക്കാനും, കൈവശം വയ്ക്കാനും കഴിയും. ഒന്നോ, ഒന്നിലധികമോ ഓഹരികളില്‍ ട്രേഡ് ചെയ്യാനും, എളുപ്പത്തില്‍ റിട്ടേണ്‍ സ്വീകരിക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താവിന് സാധിക്കും.
എക്‌സ്‌ചേഞ്ച്22നെ കേരള ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരുമായി ഇടപഴകുന്നതിന് കൂടുതല്‍ രസകരവും നൂതനവുമായ വഴികള്‍ കൊണ്ടുവരാനുള്ള വലിയ സന്നദ്ധതയുടെ അവിഭാജ്യതയില്‍ തുടക്കം മുതല്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്പരം പൊരുത്തപ്പെടുന്നുണ്ട്. ഒരുമിച്ച്, സുദീര്‍ഘവും ഫലപ്രദവുമായ ഒരു പങ്കാളിത്തം ഞാന്‍ പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഇരു സ്ഥാപനങ്ങളും തമ്മില്‍ ഹൃദയത്തില്‍ നിന്ന് സംഭവിക്കുന്ന സഹകരണം തീര്‍ച്ചയായും ചരിത്രം സൃഷ്ടിക്കുകയും എല്ലായ്‌പ്പോഴും യശസിന്റെ വഴി കണ്ടെത്തുകയും ചെയ്യുമെന്ന് എക്‌സ്‌ചേഞ്ച്22 ഡയറക്ടറും സഹസ്ഥാപകനുമായ ബോധിഷട്ട കര്‍ഫ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് എക്‌സ്‌ചേഞ്ച്22 ടീം ബഹുമാനവും ആദരവും നല്‍കുന്നു. ക്രിക്കറ്റ് പോലെ തന്നെ ഫുട്‌ബോളും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ട്രെന്‍ഡാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അപാരമായ ഫുട്‌ബോള്‍ കഴിവുകള്‍ ഇന്ത്യയൊട്ടാകെ വിലമതിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള എക്‌സ്‌ചേഞ്ച്22ന്റെ സഹകരണം മഹത്തരമാകുമെന്നും ഞങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.