ഐ എസ് എൽ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടും. നിരാശയാർന്ന ഫലങ്ങളുടെ പിന്നാലെയാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരം പ്രാധാന്യമില്ല എങ്കിലും ഹൈദരാബാദിന് ഈ മാത്സരം അതിനിർണായകമാണ്. ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്ന ഹൈദരബാദിനെ തിരികെ പ്ലേ ഓഫ് സ്ഥാനത്തേക്ക് എത്താൻ ഇന്ന് ജയിക്കേണ്ടതുണ്ട്.
ഇനി മൂന്ന് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ എന്നതു കൊണ്ട് തന്നെ ഇനിയും പോയിന്റ് നഷ്ടപ്പെടുത്തത് ഹൈദരബാദിന് കൂടുതൽ ക്ഷീണം മാത്രമെ നൽകുകയുള്ളൂ. അവസാന 9 മത്സരങ്ങളിൽ പരാജയപ്പെടാത്ത ടീമാണ് ഹൈദരാബാദ്. എങ്കിലും ആ 9ൽ ആറു മത്സരങ്ങളും സമനില ആയിരുന്നു എന്നത് ഹൈദരബാദിനെ അലട്ടുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ നേരത്തെ നേരിട്ടപ്പോൾ പരാജയപ്പെട്ട ഓർമ്മയും ഹൈദരബാദിനെ അലട്ടുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ച് പരമാവധി മെച്ചപ്പെട്ട പൊസിഷനിൽ ഫിനിഷ് ചെയ്യുക ആകും ലക്ഷ്യം. ഇനി മൂന്ന് മത്സരങ്ങളും വിജയിച്ച് 25 പോയിന്റിൽ എത്തുക ആണ് ലക്ഷ്യം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം അവരുടെ ഡിഫൻസ് ആണ്. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രാത്രി 7.30നാണ് മത്സരം നടക്കുന്നത്.