ഐഎസ്എൽ ഇന്ന നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു ജംഷദ്പൂരും ചെന്നൈയിനും. ജംഷഡദ്പൂരിന്റെ തട്ടകത്തിൽ രണ്ട് ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. ചെന്നൈയിന് വേണ്ടി ഫാറൂഖ് ചൗധരി, നിന്ദോയ് എന്നിവർ വല കുലുക്കിയപ്പോൾ, ജംഷദ്പൂരിന്റെ ഗോളുകൾ ലാൽദിൻപ്വിയ, ഡാനിയൽ ചീമ ചുക്വു എന്നിവർ കുറിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈയിൻ ഏഴാമതും ജംഷദ്പൂർ പത്താമതും ആണ്.
ഒൻപതാം മിനിറ്റിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ ലീഡ് എടുത്തു. പോസ്റ്റിന് മുന്നിലേക്കായി ക്രിവലാറോ നൽകിയ ഒന്നാന്തരമൊരു കോർണർ വലയിൽ എത്തിച്ച് ഫാറൂഖ് ചൗധരിയാണ് വല കുലുക്കിയത്. 20 ആം മിനിറ്റിൽ ലീഡ് ഉയർത്താനുള്ള മികച്ച അവസരം സന്ദർശർക്ക് ലഭിച്ചെങ്കിലും ആയുഷിന് പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ വന്നത് വിനയായി. ലാൽദിൻപുയയുടെ ക്രോസ് കൈക്കലാക്കി ചെന്നൈയിൻ കീപ്പർ മജൂംദാർ അവസരത്തിനൊത്തുയർന്നു. നാൽപതാം മിനിറ്റിൽ ചെന്നൈയിൻ ലീഡ് ഇരട്ടിയാക്കി. മൈതാന മധ്യത്തിൽ ലഭിച്ച ഫ്രീകിക്ക് ജോർദാൻ മാറെ ഉടനടി വലത് വിങ്ങിൽ നിന്ദോയ്ക്ക് മറിച്ചു നൽകിയപ്പോൾ എതിർ പ്രതിരോധത്തിന്റെ അശ്രദ്ധ മുതലെടുത്തു കുതിച്ച താരം കീപ്പറേയും വെടിയൊഴിഞ്ഞു വല കുലുക്കി. ഇഞ്ചുറി ടൈമിൽ ഒരു ഗോൾ മടക്കാൻ ജംഷദ്പൂരിനായി. കോർണറിൽ നിന്നെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെന്നൈയിന് പിഴച്ചപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡറിലൂടെ ലാൽദിൻപ്വിയ വലയിലേക്ക് തിരിച്ചു വിട്ടു.
അറുപതാം മിനിറ്റിൽ ബോളുമായി ഒറ്റക്ക് കുതിച്ച് ജോർദൻ മാറെ തൊടുത്ത ഷോട്ട് രഹനേഷ് തടഞ്ഞു. മറു വശത്ത് സമനില ഗോളിനായുള്ള ജംഷദ്പൂരിന്റെ പല ശ്രമങ്ങൾ ഫലം കാണാതെ പോയി. എൻഡുങേലിന്റെ ഷോട്ട് തടഞ്ഞു മജൂംദാർ ചെന്നൈയിന്റെ ലീഡ് കാത്തു. ഒടുവിൽ 90ആം മിനിറ്റിൽ ഡാനിയൽ ചീമയുടെ ഗോളിലൂടെ ജംഷദ്പൂർ കാത്തിരുന്ന സമനില ഗോൾ നേടി. പകരക്കാരനായി എത്തിയ താരത്തിന്റെ നീക്കങ്ങൾ ആണ് രണ്ടാം പകുതിയിൽ ജംഷദ്പൂരിന് ഉണർവ് നൽകിയത്. വലത് വിങ്ങിൽ നിന്നും ബർല ഉയർത്തി നൽകിയ പന്ത് താരം ഹെഡറിലൂടെയാണ് വലയിൽ എത്തിച്ചത്.