സഞ്ജു മറ്റാരും ആകേണ്ടതില്ല, സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജുവായി തുടരും, തരൂരിന് മറുപടിയുമായി ഗൗതം ഗംഭീര്‍

14ാം വയസ്സ് മുതല്‍ തനിക്ക് അറിയാവുന്ന സഞ്ജു സാംസണിനോട് താന്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ധോണിയാകുമെന്ന് പറയുമായിരുന്നുവെന്ന ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടിയുമായി ഗൗതം ഗംഭീര്‍. സഞ്ജു സാംസണ്‍ ക്രിക്കറ്റില്‍ മറ്റാരുടെയും പിന്മുറക്കാരനാകേണ്ടതില്ലെന്നും സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണ്‍ ആയി തന്നെ നിലകൊള്ളുമെന്നുമാണ് ഗംഭീറിന്റെ മറുപടി.

ഐപിഎലില്‍ സഞ്ജുവിന്റെ മിന്നും പ്രകടനങ്ങള്‍ കാണികള്‍‍ക്കും ഇത് പോലെ ട്വിറ്റര്‍ സെലിബ്രിറ്റികള്‍ക്കും മുന്‍ താരങ്ങള്‍ക്കുമെല്ലാം ഹരമായി മാറുകയാണിപ്പോള്‍. സഞ്ജുവിന്റെ കടുത്ത ആരാധകനും എന്നാല്‍ ധോണിയുടെ കടുത്ത വിമര്‍ശകനുമായി മാറിയിട്ടുള്ള ഗൗതം ഗംഭീറിന് തരൂരിന്റെ ധോണി പരാമര്‍ശം അത്ര സുഖിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

ഏറെ കാലമായി ധോണിയുടെ വിമര്‍ശനങ്ങളും സഞ്ജുവിന്റെ പ്രകടനങ്ങളുടെ പ്രശംസയുമായാണ് ഗംഭീര്‍ നിലകൊള്ളുന്നത്.