ഐ എസ് എല്ലിൽ ഇന്ന് ഫൈനൽ പോരാട്ടമാണ്. സെമിയിലെ വലിയ പോരാട്ടങ്ങൾ ജയിച്ച് എത്തിയ എ ടി കെ കൊൽക്കത്തയും ചെന്നൈയിൻ എഫ് സിയും ഇന്ന് ഗോവയിൽ വെച്ച് കിരീടത്തിനായി പോരാടും. ഐ എസ് എല്ലിൽ ഇതിനകം രണ്ട് കിരീടങ്ങൾ വീതം നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയിനും എ ടി കെ കൊൽക്കത്തയും. ഇന്ന് കിരീടം നേടുന്നവർക്ക് ഐ എസ് എല്ലിലെ ഏറ്റവും വലിയ ശക്തികളായി മാറാം.
സെമി ഫൈനലിൽ ആദ്യ പാദം പരാജയപ്പെട്ട ശേഷം പൊരുതി കയറിയാണ് എ ടി കെ കൊൽക്കത്ത ഫൈനലിലേക്ക് എത്തിയത്. ആദ്യ പാദത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട എ ടി കെ കൊൽക്കത്ത രണ്ടാം പാദത്തിൽ പൊരുതി കയറിയാണ് വിജയിച്ചത്. സെമി ഫൈനലിലെ ഹീറോ ആയ ഡേവിഡ് വില്യംസിന്റെ ഫോം എ ടി കെയ്ക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
എഫ് സി ഗോവയെ സെമിയിൽ മറികടന്നാണ് ചെന്നൈയിൻ ഫൈനലിൽ എത്തിയ. രണ്ടാം പാദം പരാജയപ്പെട്ടു എങ്കിലും ആദ്യ പാദത്തിലെ വലിയ വിജയം ചെന്നൈയിന് തുണയാവുകയായിരുന്നു. പരിശീലകൻ ഓവൻ കോയിലിന് കീഴിലുള്ള അറ്റാക്കിംഗ് ഫുട്ബോൾ ശൈലി തന്നെയാണ് ചെന്നൈയിന്റെ കരുത്ത്.
സീസണിൽ രണ്ടു തവണ ചെന്നൈയിനും എ ടി കെയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിക്കുകയായിരുന്നു. ഇന്ന് രാത്രി 7.30നാണ് ഫൈനൽ ആരംഭിക്കുക. കൊറോണ വൈറസ് പ്രശ്നം ഉള്ളതിനാൽ കാണികൾ ഇല്ലാതെയാകും ഫൈനൽ നടക്കുക.