കൊറോണ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായില്ല എങ്കിലും ഐ എസ് എൽ സീസണുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഐ എസ് എൽ അധികൃതരുടെ തീരുമാനം. താരങ്ങൾക്ക് അതീവ സുരക്ഷ ഒരുക്കിയാകും ടൂർണമെന്റ് ഇത്തവണ നടക്കുക. ഇതിനായി എന്തൊക്കെ നടപടികൾ എടുക്കണം എന്ന് ഐ എസ് എൽ തീരുമാനിച്ചു കഴിഞ്ഞു. ഏതെങ്കിലും ഒരു സംസ്ഥാനത്ത് തന്നെ മൂന്ന് വേദികളിൽ ആയാകും ഇത്തവണ ഐ എസ് എൽ നടക്കുക.
ഗോവയോ കേരളമോ ആകും വേദിയാവുക എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഒരോ ഗ്രൂപ്പിനും ഒരു ഹോം ഗ്രൗണ്ട് എന്ന രീതിയിൽ ആകും മത്സരം. ഒരു ഗ്രൂപ്പിലെ എല്ലാ ടീമുകളും ഹോം ഗ്രൗണ്ടായി ഉപയോഗിക്കുക ഒരൊറ്റ ഗ്രൗണ്ടാകും. ഇത് യാത്രകൾ കുറക്കാൻ സഹായിക്കും. താരങ്ങൾക്ക് ടൂർണമെന്റ് തുടങ്ങിയാൽ വീടുകളിലേക്ക് മടങ്ങാൻ പിന്നെ അനുവാദം ഉണ്ടാകില്ല. എല്ലാവരും നിർബന്ധമായും ഹോട്ടലുകളിൽ തന്നെ നിൽക്കണം.
താരങ്ങൾക്കും അവരുടെ ഒപ്പം നിൽക്കുന്ന കുടുംബാങ്ങൾക്കും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കോവിഡ് ടെസ്റ്റ് നടത്തും. ടീമിനായി പ്രവർത്തിക്കുന്ന മറ്റു ഒഫീഷ്യൽസും കൃത്യമായ ഇടവേളകളിൽ ടെസ്റ്റുകൾ നേരിടേണ്ടതായി വരും. ഒക്ടോബർ ആദ്യവാരം മുതൽ പ്രീസീസൺ ആരംഭിച്ച് നവംബറിൽ ലീഗ് തുടങ്ങാനാണ് ഐ എസ് എൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.