ഇഞ്ച്വറി ടൈമിൽ മോഹൻ ബഗാനെ തടഞ്ഞ് നോർത്ത് ഈസ്റ്റ് ഗോൾ

Img 20210306 212816

ഖാലിദ് ജമീലിന് കീഴിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അപരാജിത കുതിപ്പിന് അവസാനമില്ല. ഇന്ന് ഒരു ഇഞ്ച്വറി ടൈം സമനിലയോടെ ആണ് നോർത്ത് ഈസ്റ്റ് പരാജയം ഒഴിവാക്കിയത്. 93 മിനുട്ട് വരെ മോഹൻ ബഗാനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന നോർത്ത് ഈസ്റ്റ് അവസാനം 1-1 എന്ന സമനില പിടിക്കുകയായിരുന്നു .അവസരങ്ങൾ കുറഞ്ഞു നിന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ആയിരുന്നു മോഹൻ ബഗാൻ വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ റോയ് കൃഷ്ണയ്ക്ക് ഒരു അവസരം ലഭിച്ചു എങ്കിലും താരത്തെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചു. മത്സരത്തിന്റെ 34ആം മിനുട്ടിലാണ് മോഹൻ ബഗാന്റെ ഗോൾ വന്നത്. റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച വില്യംസ് ഒരു മനോഹര ഡമ്മിയിലൂടെ നോർത്ത് ഈസ്റ്റ് ഡിഫൻസിനെ കബളിപ്പിച്ച് സുന്ദരമായി പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു.

ഹാഫ് ടൈം വിസിലിന് തൊട്ടു മുമ്പ് അശുതോഷിന്റെ ഒരു ഹെഡർ ക്രോസ്ബാറിൽ തട്ടിയാണ് പുറത്ത് പോയത്. അല്ലായിരുന്നു എങ്കിൽ സമനിലയോടെ ആദ്യ പകുതി അവസാനിപ്പിക്കാൻ നോർത്ത് ഈസ്റ്റിന് ആയിരുന്നേനെ. രണ്ടാം പകുതിയിൽ മോഹൻ ബഗാൻ ഡിഫൻഡിംഗിലാണ് ശ്രദ്ധ കൊടുത്തത്. അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റ് അറ്റാക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ കഷ്ടപ്പെട്ടു. അവസാനം ഇഞ്ച്വറി ടൈമിലാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്.

94ആം മിനുട്ടിൽ മക്കാഡോ നൽകിയ ക്രോസ് ഒരു സൂപ്പർ ഹെഡറിലൂടെ സില്ല വലയിൽ എത്തിക്കുകയാണ്. മോഹൻ ബഗാന്റെ ഹൃദയം തകർക്കുന്ന ഹെഡറായിരുന്നു അത്. മാർച്ച് 9നാണ് ഇനി ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കുക.