കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ വിദേശ താരങ്ങൾ ഉണ്ടാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ഇവാൻ. ഇന്ന് മത്സരശേഷം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ദിമി, ലെസ്കോവിച്, ഫെഡോർ എന്നിവർ ഉണ്ടാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
ഇനി നോർത്ത് ഈസ്റ്റും ഹൈദരാബാദ് എഫ് സിയും ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഉള്ള മത്സരങ്ങൾ. ഈ രണ്ടു മത്സരങ്ങളും ജയിച്ചാലും തോറ്റാലും കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരും എന്നതിനാൽ ഈ മത്സരങ്ങൾക്ക് പ്രാധാന്യമില്ല എന്നാണ് പരിശീലകൻ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പ്ലേ ഓഫിനായി താരങ്ങളെ ഒരുക്കി നിർത്തുകയാണ് പരിശീലകൻ ലക്ഷ്യമിടുന്നത്.
ഇതിനാൽ ഹൈദരാബാദിനെതിരെയും നോർത്ത് ഈസ്റ്റിനെതിരെയും ഇന്ത്യൻ താരങ്ങളെ വെച്ച് മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് കളിക്കുക എന്ന് ഇവാൻ എന്ന് പറഞ്ഞു. ഏപ്രിൽ ആറിനാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരം. ഏപ്രിൽ 12നാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടുന്നത്. രണ്ടു മത്സരങ്ങളും എവേ മത്സരങ്ങളാണ്. സൂപ്പർ കപ്പിൽ ഉൾപ്പെടെ അവസാന 10 മത്സരങ്ങളിൽ ആകെ ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.