ഇയാൻ ഹ്യൂം മാജിക്ക്, ഡെൽഹിയിൽ ബ്ലാസ്റ്റേഴ്സ് താണ്ഡവം

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിന്റെ ചുമലിൽ ഏറി ഡെൽഹി കീഴടക്കി എന്നു തന്നെ പറയാം. ജയം അത്യാവശ്യമായിരുന്ന ബ്ലാസ്റ്റേഴ്സിന് ജീവശ്വാസം നൽകിയ ഒരു മാജിക്ക് ഹാട്രിക്കിലൂടെ ഇയാൻ ഹ്യൂം രക്ഷകനായപ്പോൾ ഡെൽഹിയിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്തത്.

കിസിറ്റോയെ ആദ്യ ഇലവനിൽ ഇറക്കി കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് 12ആം മിനുട്ടിൽ തന്നെ ഇന്ന് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങി വരവിലെ തന്റെ ആദ്യ ഗോളോടെ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടികൊടുത്തത്. പെകൂസണായിരുന്നു ഗോൾ ഒരുക്കിയത്. പക്ഷെ ഹ്യൂമിന്റെ ഗോളിനുള്ള മറുപടി 44ആം മിനുട്ടിൽ പ്രിതം കോട്ടാൽ വഴി ഡെൽഹി നൽകി.

ആദ്യ പകുതിയിൽ പരിക്കിലൂടെ ബെർബയെ കൂടെ നഷ്ടമായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ വളരെ അധികം പിറകിലേക്ക് പോയി. ഇയാൻ ഹ്യൂം മാത്രമായിരുന്നു രണ്ടാം പകുതിയിൽ കേരളത്തിന് നേരിയ പ്രതീക്ഷയെങ്കിലും നൽകിയത്. ആ പ്രതീക്ഷ വെറുതെ ആയില്ല.

77ആം മിനുട്ടിൽ ബോക്സിന് പുറത്ത് ഇടതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച ഹ്യൂം ഡെൽഹി ഡിഫൻസിനെ ട്രിബിൾ ചെയ്ത് കീഴടക്കി തൊടുത്ത ഷോട്ട് ഡെൽഹി വലയിൽ പതിക്കുകയായിരുന്നു. കളി ബ്ലാസ്റ്റേഴ്സിന് സ്വന്തമേ ആകില്ല എന്ന് കരുതിയ സമയത്തായിരുന്നു ഹ്യൂമിന്റെ ഈ മാജിക്. എന്നാ ഹ്യൂമിന്റെ മാജിക്ക് അവിടെ അവസാനിച്ചില്ല. 82ആം മിനുട്ടിൽ ക്ലിനിക്കൽ ഫിനിഷിലൂടെ തന്റെ ഹാട്രിക്ക് തികച്ചു കൊണ്ട് ഹ്യൂം കളി ബ്ലാസ്റ്റേഴ്സിന്റെ മാത്രമാക്കി.

ഇന്നത്തെ ജയം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ജയമാണ്. ജയത്തോടെ 11 പോയന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് കുതിച്ചു. എട്ടാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ് ഇതുവരെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial