ലീഗിൽ പരസ്പരം ഓരോ തവണ വിജയം നേടിയ ടീമുകളുടെ മത്സരം സെമി ഫൈനലിന്റെ ആദ്യ പാദത്തിലും തുല്യ ശക്തികളുടെ പോരാട്ടം ആയി മാറിയപ്പോൾ, കലാശപ്പോരാട്ടത്തിൽ പേരെഴുതി ചേർക്കാൻ കൊതിച്ച് ഹൈദരാബാദും എടികെ മോഹൻ ബഗാനും ചരിത്രമുറങ്ങുന്ന സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച എടികെക്ക് തന്നെയാണ് രണ്ടാം പാദത്തിൽ ചെറിയ മുൻതൂക്കം. മുൻകാല മത്സരങ്ങളുടെ കണക്കെടുപ്പിലും മോഹൻ ബഗാന് ആശ്വസിക്കാൻ ഏറെയുണ്ട്.
കഴിഞ്ഞ സീസണിലെ സെമി ഫൈനലിൽ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കുറിച്ച മൂന്ന് ഗോളുകൾ ആണ് ഹൈദരാബാദിനെ ഫൈനലിൽ എത്താൻ സഹായിച്ചത് എങ്കിൽ എടികെ ഇത്തവണ ആ പഴുത് സമർദ്ധമായി അടച്ചിട്ടുണ്ട്. എടികെയെ അവരുടെ തട്ടകത്തിൽ ഇതുവരെ വീഴ്ത്താൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. കൂടാതെ ഇത്തവണ പത്ത് ഹോം മത്സരങ്ങളിൽ ഏഴ് വിജയമെന്ന ഫോമും മോഹൻ ബഗാന് മുൻതൂക്കം നൽകുന്നു. സ്വന്തം തട്ടത്തിൽ ആർപ്പുവിളികളുമായി എത്തുന്ന കാണികൾക്ക് മുന്നിൽ കഴിഞ്ഞ സീസണിന് പകരം വീട്ടാൻ തന്നെ ആവും എടികെയുടെ നീക്കം.
ഇരു ടീമുകളിലും കാര്യമായ മാറ്റങ്ങൾക്കു സാധ്യതയില്ല. ആദ്യ സെമിയിലെ പോലെ തന്നെ ഓഗ്ബെച്ചെ ഹൈദരാബാദിനായി ബെഞ്ചിൽ നിന്ന് തന്നെ മത്സരം തുടങ്ങും. മുന്നേറ്റത്തിൽ സിവേറിയോയും കൂടെ യാസിറും ഹാലിച്ചരണും എത്തുമ്പോൾ പിറകിൽ ചരട് വലികളുമായി കിയനീസെ തന്നെ ഉണ്ടാവും. എതിർ തട്ടകത്തിൽ പ്രതിരോധത്തിന്റെ പ്രകടനം നിർണായകമാവും എന്നതിനാൽ ബോർഹ ഹെരേരയും സനസിങും ഒഡെയിയും അടക്കം പിൻ നിര കുറ്റമറ്റ പ്രകടനം പുറത്തെടുക്കുന്നതിനാണ് ടീം കാത്തിരിക്കുന്നത്.
സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാൻ എത്തുന്ന എടികെക്ക് കുന്തമുനയായി ദിമിത്രി പെട്രാഡോസ് തന്നെ എത്തുമ്പോൾ കളി മെനയാൻ ഹ്യൂഗോ ബൊമസും കൂടെ മൻവീർ സിങും ലിസ്റ്റൻ കോളാസോയും ഉണ്ടാവും. ഹൈദരാബാദിന്റെ മികച്ച മുന്നേറ്റ നിരക്കെതിരെ പോസ്റ്റിന് കീഴിൽ ഫോമിലുള്ള വിശാൽ ഖേയ്ത് ഒരിക്കൽ കൂടി സന്ദർഭത്തിനൊത്തുയരും എന്ന പ്രതീക്ഷയിലാണ് എടികെ.