സുന്ദരം മനോഹരം! ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഹൈദരബാദിന്റെ യുവനിര

ഈ സീസൺ ഐ എസ് എല്ലിലെ ടീം ഏതാണെന്ന് ചോദിച്ചാൽ ഐ എസ് എല്ലിലെ എല്ലാ മത്സരങ്ങളും കണ്ടവർക്ക് ഒരുത്തരമേ നൽകാൻ ആകു. അത് വമ്പൻ താരങ്ങൾ ഉള്ള മുംബൈ സിറ്റിയോ എഫ് സി ഗോവയോ ഒന്നും ആയിരിക്കില്ല. ഇന്ത്യൻ യുവതാരങ്ങളുടെ മികവിൽ മനോഹര ഫുട്ബോൾ കാഴ്ചവെക്കുന്ന ഹൈദരാബാദ് എഫ് സി ആയിരിക്കും. ഇന്ന് അവരുടെ ഫുട്ബോളിന്റെ സൗന്ദര്യത്തിൽ ഉള്ള വിശ്വാസം അർഹിച്ചിരുന്ന ഫലമാണ് ഗ്രൗണ്ടിൽ ലഭിച്ചത്.

ഈസ്റ്റ് ബംഗാളിനെ നേരിട്ട ഹൈദരാബാദ് എഫ് സി ആദ്യം ഒരു ഗോളിന് പിറകിൽ പോയെങ്കിലും മനോഹരമായി പൊരുതി രണ്ടിതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ ആണ് ഈസ്റ്റ് ബംഗാൾ ഗോൾ കണ്ടെത്തിയത്. മഗോമ്പയുടെ സ്ട്രൈക്ക് ആണ് വലയിലെത്തിയത്. ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം കളിയിലേക്ക് തിരികെയെത്താൻ ഹൈദരബാദിന് പെനാൾട്ടിയിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചു.

പക്ഷെ പെനാൾട്ടി എടുത്ത സാന്റാനയ്ക്ക് പിഴച്ചു. പെനാൾട്ടി കിക്ക് ദെബിജിതിന്റെ കൈകളിൽ എത്തി. രണ്ടാം പകുതിയിൽ ലിസ്റ്റൺ കൊളാസോ സബ്ബായി എത്തിയത് കളി മാറ്റി. 15 സെക്കൻഡിനിടയിൽ രണ്ട് ഗോളുകളുമായി സാന്റാന പെനാൾട്ടി നഷ്ടമാക്കിയതിന് പരിഹാരം ചെയ്തു. 56ആം മിനുട്ടിൽ യാസിർ മുഹമ്മദനിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു സാന്റാനയുടെ സമനില ഗോൾ.

ആ ഗോൾ വീണ് 15 സെക്കൻഡുകൾക്ക് ഉള്ളിൽ സാന്റാന രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ലിസ്റ്റന്റെ ഒരു മനോഹര പാസിൽ നിന്ന് ആയിരുന്നു സാന്റാനയുടെ ഗോൾ. അതോടെ കൂടുതൽ ആത്മവിശ്വാസം വന്ന ഹൈദരാബാദ് എഫ് സി മനോഹര നീക്കങ്ങളുമായി ഈസ്റ്റ് ബംഗാളിനെ വെള്ളം കുടിപ്പിച്ചു. 68ആം മിനുട്ടിൽ വീണ്ടും ലിസ്റ്റന്റെ മാജിക്ക് കണ്ടു. വലതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച ലിസ്റ്റനെ തടയാൻ ഈസ്റ്റ് ബംഗാൾ ഡിഫൻസ് ഒന്നാകെ ശ്രമിച്ചു എങ്കിലും നടന്നില്ല. ലിസ്റ്റൺ ബോക്സിൽ വെച്ച് നൽകിയ അളന്നു കുറിച്ച പാസ് തൊട്ടു വലയിലാക്കി നർസാരി ഹൈദരബാദിന്റെ മൂന്നാം ഗോൾ നേടി.

ഇതിനു ശേഷം 81ആം മിനുട്ടിൽ പിൽകിങ്ടന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറുമായി മഗോമ്പ വീണ്ടും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. കളി 3-2 എന്നായി. ഇത് അവസാന നിമിഷങ്ങൾ ആവേശകരമാക്കി എങ്കിലും വിജയം ഉറപ്പിക്കാൻ ഹൈദരബാദിനായി. ഈ ജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. ഒരു വിജയം പോലും ഇല്ലാത്ത ഈസ്റ്റ് ബംഗാൾ 1 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.