സബ്ബ് ആയി കളത്തിൽ എത്തി മത്സരം ഫലം നിർണയിച്ച ഓഗ്ബച്ചേയുടെ മികവിൽ എടികെ മോഹൻബഗാനെ വീഴ്ത്തി ഹൈദരാബാദ് എഫ്സി ഐഎസ്എൽ സെമി പ്രവേശനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് 39 പോയിന്റ് ആണ് നിലവിലെ ചാംപ്യന്മാർക്ക് ഉള്ളത്. എടികെക്ക് ആവട്ടെ, വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് മൂന്നാമത് എത്താമെന്ന സ്വപ്നം പൊലിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സ്ഥാന മോഹവും ഇതോടെ അവസാനിച്ചു.
ആദ്യ പകുതിയിൽ അധികം അവസരങ്ങൾ ഒന്നും ഇരു ടീമുകളും തുറന്നെടുത്തില്ല. ദിമിത്രി പെട്രാഡോസിന്റെ ലോങ് റേഞ്ച് കീപ്പറെ പരീക്ഷിക്കാൻ പ്രാപ്തിയുള്ളതായിരുന്നില്ല. കോർണറിൽ നിന്നും ബ്രണ്ടൻ ഹാമിലിന്റെ ശ്രമം ഗുർമീതിന്റെ കൈകളിൽ അവസാനിച്ചു. ഇരുപത്തിയൊൻപതാം മിനിറ്റിൽ എടികെക്ക് ലഭിച്ച അവസരത്തിൽ ബോക്സിന് തൊട്ടടുത്തു നിന്നും മനവീർ സിങ്ങിന്റെ മികച്ച ഷോട്ട് പക്ഷെ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ അകന്ന് പോയി. പിന്നീട് ബോർഹ ഹെരേരയുടെ ഫ്രകിക്ക് പരിഭ്രാന്തി പടർത്തിയെങ്കിലും ഹൈദരാബാദ് താരങ്ങൾക്ക് ഗോൾ കണ്ടെത്താൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഹൈദരാബാദ് ശ്രമങ്ങൾ ആരംഭിച്ചു. യാസിറിന്റെയും ഹെരേരയുടെയും ശ്രമങ്ങൾ ഫലം കണ്ടില്ല. പിന്നീട് പന്തും അവർ തന്നെ കൈവശം വെച്ചു. എഴുപതിയൊൻപതാം മിനിറ്റിൽ കളത്തിൽ എത്തിയ ഓഗ്ബച്ചെ, 86 ആം മിനിറ്റിൽ വല കുലുക്കി മത്സരത്തിന്റെ വിധി നിർണയിച്ചു. ഹെരേരയുടെ പാസ് സ്വീകരിച്ചു ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം താരം തൊടുത്ത ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിക്കുകയായിരുന്നു.