സ്വന്തം തട്ടകത്തിൽ നിർണായകമായ രണ്ടു പോയിന്റുകൾ കൈവിട്ട് ഹൈദരാബാദ് എഫ്സി ചെന്നൈയിനുമായി സമനിലയിൽ പിരിഞ്ഞു. ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. ഒഗ്‌ബെച്ചെ, സ്ലിസ്കോവിച്ച് എന്നിവർ ഗോൾ വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം നാശപ്പെടുത്തിയ ഹൈദരാബാദ് ഒരു മത്സരം കുറച്ചു കളിച്ച മുംബൈ സിറ്റിയോട് ഒരു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് തുടർന്നു. തലപ്പത്ത് ലീഡ് ഉയർത്താനുള്ള അസുലഭ അവസരമാണ് ഇതോടെ മുംബൈക്ക് കൈവന്നിരിക്കുന്നത്.
തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ആദ്യ പകുതി. ലക്ഷ്യത്തിലേക്ക് ഉന്നം വെക്കുന്നതിൽ ഇരു ടീമുകളും മടിച്ചു. കീപ്പർമാർ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. അൻപതിയേഴാം മിനിറ്റിൽ ചെന്നൈയിന്റെ ഗോൾ എത്തി. കോർണറിൽ നിന്നെത്തിയ ബോളിൽ തല വെച്ച് സ്ലിസ്‌കോവിച്ചാണ് സന്ദർശകർക്ക് വേണ്ടി വല കുലുക്കിയത്. വിൻസി ബറേറ്റോയുടെ ഷോട്ട് ഗുർമീത് സിങ് കൈക്കലാക്കി. മത്സരം ചെന്നൈയിൻ സ്വന്തമാക്കുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പ്രതിരോധ താരം ഹഖമനെഷിയുടെ പിഴച്ചത്. എൺപതിയാറാം മിനിറ്റിൽ ഹഖമനെഷി, യാവിയർ സിവെറിയോയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത ഒഗ്‌ബെച്ചെ കൃത്യമായി പന്ത് വലയിൽ എത്തിച്ചു.