ഇന്ത്യൻ ഫുട്ബോളിന് അത്ര നല്ല സമയമല്ല ഇപ്പോൾ. ഇന്ത്യൻ ഫുട്ബോളിലെ പ്രധാന ഇവന്റുകൾ എല്ലാം സ്പോൺസർ ചെയ്തിരുന്ന ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഫുട്ബോളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഏകദേശം 10 വർഷമായി എ ഐ എഫ് എഫിനൊപ്പം ഹീറോ സഹകരിച്ചിരുന്നു.
ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒന്നായ ഹീറോ മോട്ടോകോർപ്പ്, ഇന്ത്യൻ ഫുട്ബോളുമായുള്ള സ്പോൺസർഷിപ്പ് കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചതായി KhelNow ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിന്റെ കമ്പനിയിൽ ഉള്ള പ്രശ്നങ്ങൾ ആണ് ഈ തീരുമാനത്തിന് കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), ഐ-ലീഗ്, സൂപ്പർ കപ്പ്, ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾ എല്ലാം ഹീറോ ആയിരുന്നു സ്പോൺസർ ചെയ്തു വന്നിരുന്നത്. ഐ എസ് എൽ അടുത്ത ആഴ്ച തുടങ്ങാൻ ഇരിക്കെ ഇതുവരെ ഒരു ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ ആയിട്ടില്ല.