ഗോകുലത്തിൽ “സ്പാനിഷ് വസന്തം”; പുതിയ പരിശീലകന് കീഴിൽ വിജയത്തുടക്കം

Picsart 23 01 08 18 38 42 283

സ്പാനിഷ് കോച്ച് ഫ്രാൻസെസ് ബോണറ്റിന് കീഴിൽ ഗോകുലം കേരളക്ക് വിജയത്തുടക്കം. പുതുതായി ടീമിലേക്ക് എത്തിയ സെർജിയോ മെന്റിയും ഗോളുമായി വരവരിയിച്ച മത്സരത്തിൽ ഏക ഗോളിന് ചർച്ചിൽ ബ്രദേഴ്സിനെ കീഴടക്കി ഗോകുലം കേരള പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ചർച്ചിൽ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

ഗോകുലം കേരള 23 01 08 18 38 54 915

തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ആദ്യ പകുതി. പുതിയ കോച്ച് ഫ്രാൻസെസ് ബോണറ്റിന് കീഴിൽ ആദ്യ മത്സത്തിന് അണിനിരന്ന ഗോകുലം ടീമിൽ പുതുതായി എത്തിയ താരങ്ങളായ ഒമർ റാമോസ്, സെർജിയോ മെന്റി എന്നിവർ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചു. എങ്കിലും ചർച്ചിലിനെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഗോകുലത്തിനായില്ല. വിങ്ങുകളിലൂടെ എത്തി ബോക്സിലേക്ക് ക്രോസുകൾ നൽകിയായിരുന്നു ഗോകുലത്തിന്റെ ഭൂരിഭാഗം മുന്നേറ്റങ്ങളും. ഇരു ടീമുകളും പല തവണ പരുക്കൻ അടവുകൾ പുറത്തെടുത്തു. ഓരോ തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ടീമുകൾക്ക് സാധിച്ചത്.

രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയിറങ്ങിയ ഗോകുലത്തെയാണ് കണ്ടത്. എഴുപതിയൊന്നാം മിനിറ്റിൽ കിങ്സ്‌ലിയുടെ ഒരു ലോങ്റേഞ്ചർ കീപ്പർ ബിലാൽ ഖാൻ തട്ടിയകറ്റി. സാനെക്ക് ലഭിച്ച മികച്ചൊരു അവസരം കോർണർ വഴങ്ങി ഗോകുലം തടുത്തു. പിന്നീട് ശ്രീകുട്ടൻ നീട്ടി നൽകിയ ത്രൂ ബോളിലേക്ക് ഓടിയെത്താൻ ആൽബിനോക്ക് ആയില്ല. ഹൈലൈൻ ഡിഫെൻസ് തന്ത്രം പ്രയോഗിച്ച ചർച്ചിലിനെ മധ്യനിരയിൽ നിന്നും നീളൻ ത്രൂ ബോളുകളിലൂടെ തകർക്കാൻ ഉള്ള നീക്കത്തിന്റെ സൂചന ആയിരുന്നു ഇത്. ഇതുപോലെയുള്ള തന്നേ മറ്റൊരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. മൈതാന മധ്യത്തിന് പിറകിൽ നിന്നായി വന്ന ത്രൂ ബോൾ ബോളിൽ ഓടിക്കയറിയ ശ്രീകുട്ടനും മെന്റിയും എതിർ പ്രതിരോധ താരങ്ങളിൽക്കിടയിലൂടെ പന്ത് കൈമാറി ബോക്സിൽ കയറിയ ശേഷം സ്പാനിഷ് താരം ലക്ഷ്യത്തിലേക്ക് തൊടുത്തു. എൺപതാം മിനിറ്റിലാണ് ഗോൾ വീണ്ടത്. പിന്നീട് പന്ത് കൈവശം വെച്ചു മത്സരം കൈക്കലാക്കാൻ ആയിരുന്നു ഗോകുലം ശ്രമം. ഇഞ്ചുറി ടൈമിൽ പന്ത് കൈവിടാതെ ഇരിക്കാൻ ശ്രദ്ധിച്ച ഗോകുലം പയ്യനാട്ടിൽ വിജയം കരസ്ഥമാക്കി.