വീണ്ടും വിജയം ഇല്ലാതെ ഗോവ, നോർത്ത് ഈസ്റ്റിനെതിരെ സമനില

20201130 212659
- Advertisement -

കഴിഞ്ഞ ഐ എസ് എൽ സീസണിലെ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയ്ക്ക് ഈ സീസണിൽ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് അവരുടെ ലീഗിലെ മൂന്നാം മത്സരത്തിലും അവർക്ക് വിജയിക്കാൻ ആയില്ല. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട എഫ് സി ഗോവ 1-1 എന്ന സമനില ആണ് വഴങ്ങേണ്ടി വന്നത്. ഇന്ന് മത്സരം മികച്ച രീതിയിൽ തുടങ്ങിയത് എഫ് സി ഗോവ ആയിരുന്നു. പക്ഷെ ആദ്യ ഗോൾ വന്നത് നോർത്ത് ഈസ്റ്റ് വക ആയിരുന്നു.

മത്സരത്തിന്റെ 40ആം മിനുട്ടിൽ ആയിരുന്നു പെനാട്ടി. പെനാൾട്ടി എടുത്ത ഇദ്രിസ സില്ല സമ്മർദ്ദങ്ങൾ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് നോർത്ത് ഈസ്റ്റിനു വേണ്ടി സില്ല ഗോൾ നേടുന്നത്. എന്നാൽ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായില്ല. മൂന്ന് മിനുട്ടുകൾക്ക് അകം ഗോവ ഗോൾ തിരിച്ചടിച്ചു. ബ്രാണ്ടന്റെ ഗംഭീരമായ അസിസ്റ്റിൽ നിന്ന് അംഗൂളോ ആണ് ഗോൾ നേടിയത്. ഇഗോർ അംഗുളോയുടെ ലീഗിലെ മൂന്നാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. രണ്ട് ടീമിന്റെയും പരിശീലകന്മാർ ടച്ച് ലൈനിൽ വാക്കേറ്റം ഉണ്ടായത് കളിയുടെ മാറ്റു കുറച്ചു. 5 പോയിന്റുമായി നോർത്ത് ഈസ്റ്റ് ലീഗിൽ രണ്ടാമതാണ് ഉള്ളത്. രണ്ട് പോയിന്റുള്ള എഫ് സി ഗോവ ഏഴാം സ്ഥാനത്തും നിൽക്കുന്നു.

Advertisement