ജംഷഡ്പൂർ എഫ്‌സി ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മൻസോറോയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഫ്രഞ്ചുകാരൻ നിരവധി മികച്ച ക്ലബ്ബുകളിൽ ഇതുവരെ കളിച്ചിട്ടുണ്ട്. കസാക്കിസ്ഥാനിൽ ആയിരുന്നു തന്റെ ഏറ്റവും വിജയകരമായ വർഷങ്ങൾ താരം ചെലവഴിച്ചത്. അവിടെ അദ്ദേഹം ടോബോൾ കോസ്താനയ്ക്ക് ഒപ്പം രണ്ട് തവണ കസാഖ് ലീഗ് നേടി. 2022ൽ എഫ്‌സി അസ്താനയ്‌ക്കൊപ്പം കസാഖ് കപ്പും താരൻ നേടി.
മൻസോറോ 2017-ൽ എഫ്‌കെ സുഡുവ മരിജാംപോളിനൊപ്പം ലിത്വാനിയൻ എ ലീഗ് ട്രോഫിയും അടുത്ത വർഷം ലിത്വാനിയൻ കപ്പും ഉയർത്തി. യുവേഫ യൂറോപ്പ ലീഗിൽ 8 മത്സരങ്ങളും യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ 4 മത്സരങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്.
“ഐഎസ്‌എൽ ഷീൽഡ് നേടാനുള്ള കഴിവുണ്ടെന്ന് ഇതിനകം തെളിയിച്ച ക്ലബ്ബാണിത്, ജംഷഡ്പൂർ എഫ്‌സിയിൽ ചേരുന്നതിന് പിന്നിലെ ഒരു പ്രധാന പ്രചോദനമാണിത്,” ജംഷഡ്പൂർ എഫ്‌സിയിൽ ചേരുന്നതിനെക്കുറിച്ച് മൻസോറോ പറഞ്ഞു.
“ഇവിടെ വന്ന് കളിക്കാൻ തീരുമാനിക്കുന്നത് എനിക്ക് കഠിനമായ തീരുമാനമായിരുന്നില്ല. ഹെഡ് കോച്ചും സ്റ്റാഫും ചേർന്ന് പ്രവർത്തിക്കാനും ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
പോളിഷ് ടീമായ സാൻഡെക്യാ നൗവി സാക്‌സിൽ നിന്നാണ് മാൻസോറോ ജംഷദ്പൂരിലേക്ക് എത്തുന്നത്. 31-കാരനായ അറ്റാക്കിംഗ് മിഡ്‌ഫീൽഡറിന് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയും. ഫ്രാൻസിലെ ലിയോണിലെ വില്ലൂർബാനെയിൽ ജനിച്ച മാൻസോറോ നിലവിലെ ലീഗ് 1 സൈഡ് സ്റ്റേഡ് ഡി റെയിംസിലൂടെയാണ് വളർന്നു വന്നത്.