ലീഡുകൾ മാറി മറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഒഡീഷ എഫ്സിയെ കീഴടക്കി എഫ്സി ഗോവ. ഗോവക്ക് വേണ്ടി നോവ സദോയിയും ഒഡീഷക്ക് വേണ്ടി മുർത്തദ ഫാളും ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ ഇഞ്ചുറ്റി സമയത്ത് നിർണായക ഗോളുമായി ജയ് ഗുപ്തയാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒഡീഷയുടെ ആദ്യ തോൽവി ആണിത്.
ആറാം മിനിറ്റിൽ തന്നെ ആതിഥേയരെ ഞെട്ടിച്ചു കൊണ്ട് ഒഡീഷ ലീഡ് എടുക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. കോർണറിൽ നിന്നെത്തിയ പന്ത് നിലം തൊടുന്നതിന് മുൻപ് ബുള്ളറ്റ് ഷോട്ട് ഉതിർത്ത് വലയിൽ എത്തിച്ച് മുർത്തദ ഫാൾ ആണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. പിന്നീട് ജെറിയുടെ പാസിൽ നിന്നും റോയ് കൃഷ്ണയുടെ ഷോട്ട് കീപ്പർ തടുത്തു. കാൾ മക്ഹ്യുവിന്റെ ഹെഡർ പോസിറ്റിലിടിച്ചു തെറിച്ചു. ആദ്യ പകുതി ഒഡീഷയുടെ ലീഡോടെ അവസാനിച്ചു
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഗോവ നീക്കങ്ങൾ ആരംഭിച്ചു. 55ആം മിനിറ്റിൽ നോവ സദോയി പെനാൽറ്റിയിലൂടെ വല കുലുക്കി. നോവയെ അഹ്മദ് ജാഹോ വീഴ്ത്തിയതിനായിരുന്നു റഫറി സ്പോട് കിക്കിലേക്ക് വിരൽ ചൂണ്ടിയത്. ആദ്യ കിക്ക് വലയിൽ എത്തിച്ചെങ്കിലും കിക്ക് എടുത്ത സമയത്ത് താരങ്ങൾ ബോക്സിലേക്ക് കടന്നതിനാൽ വീണ്ടും പെനാൽറ്റി എടുക്കേണ്ടി. ഇത്തവണയും നോവക്ക് ലക്ഷ്യം തെറ്റിയില്ല. പിന്നീട് മത്സരത്തിൽ കൃത്യമായ മുൻതൂക്കം നിലനിർത്തിയ ഗോവ ഏത് നിമിഷവും ലീഡ് നേടുമെന്ന പ്രതീതി വന്നു. 68ആം മിനിറ്റിൽ ഒരിക്കൽ കൂടി നോവയിലൂടെ ഗോവ ഗോൾ വല കുലുക്കി. എതിർ പ്രതിരോധ താരത്തിന്റെ പിഴവിൽ ബോക്സിന് തൊട്ടു പുറത്തു നിന്നും പന്ത് കൈക്കലാക്കിയ താരം മുൻപോട്ട് കുതിച്ച് അനായാസം കീപ്പറേയും മറികടന്ന് വല കുലുക്കി. ഇതോടെ ഒഡീഷ മത്സരം കൈവിട്ടെന്ന് തോന്നിച്ചെങ്കിലും ഒറ്റപ്പെട്ട ചില നീക്കങ്ങൾ അവർ നടത്തി. ഇത്തരമൊരു നീക്കം കോർണറിൽ അവസാനിച്ചപ്പോൾ ഗോവ വീണ്ടും ഗോൾ വഴങ്ങി. കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമം മുർത്തദ ഫാളിന്റെ മുൻപിലേക്ക് തന്നെ വീണപ്പോൾ താരം ഒട്ടും സമയം പാഴാക്കാതെ കരുത്തുറ്റ ഷോട്ടിലൂടെ വല കുലുക്കി. ലീഡ് കൈവിട്ട എഫ്സി ഗോവ പരമാവധി പന്ത് കൈവശം വെച്ച് എതിർ ബോക്സിന് ചുറ്റും തന്നെ മത്സരം കേന്ദ്രീകരിച്ചു. എന്നാൽ ഗോൾ മാത്രം അകന്ന് നിന്നു. ഇഞ്ചുറി സമയത്ത് തുടർച്ചയായ ശ്രമങ്ങൾ നടത്തിയ ഗോവ, ഒടുവിൽ ജയ് ഗുപ്‌തയിലൂടെ വിജയ ഗോളും കണ്ടെത്തി. ബോക്സിന്റെ വലത് ഭാഗത്ത് നിന്നും താരം പാസ് സ്വീകരിച്ചു ഒന്നു വെട്ടിയൊഴിഞ്ഞ ശേഷം തൊടുത്ത ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ തന്നെ പതിച്ചു.