ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പത്ത് മത്സരങ്ങൾക്ക് ശേഷം വിജയം കണ്ടെത്തി ജംഷദ്പൂർ എഫ്സി

20230113 223613

ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് ജംഷാദ്പൂർ എഫ്ഫ്‌സിക്ക് വിജയം. തുടർച്ചയായ പത്ത് മത്സരങ്ങൾക്ക് ശേഷമാണ് ജംഷാദ്പൂർ വീണ്ടും വിജയം അറിയുന്നത്. ക്ലീറ്റൺ സിൽവ ഈസ്റ്റ് ബംഗാളിനായി ഗോൾ നേടിയാപ്പോൾ ജംഷാദ്പൂരിനെ ഗോളുകൾ ഹാരി സോയർ, റിത്വിക് ദാസ് എന്നിവർ നേടി. പോയിന്റ് പട്ടികയിൽ ഈസ്റ്റ് ബംഗാൾ ഒൻപതാമതും ജംഷദ്പൂർ പത്താമതും തുടരുകയാണ്.

20230113 223615

സ്വന്തം തട്ടകത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ആദ്യ ഗോൾ നേടിയത്. നരോം സിങ്ങിന്റെ ഷോട്ട് വിശാൽ യാദവ് തടുത്തിട്ടപ്പോൾ അവസരം മുതലെടുത്തു ക്ലീറ്റൺ സിൽവ വല കുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ തന്നെ മേധാവിത്വം തുടർന്നു. രണ്ടാം പകുതിയിൽ ജംഷദ്പൂർ തുടർച്ചയായ സബ്സ്റ്റിട്യൂഷനുകൾ നടത്തിയത് ഫലം കണ്ടു. ബോക്സിനുള്ളിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലെ പിഴവാണ് ഗോളിൽ കലാശിച്ചത്. കൂട്ടപ്പോരിച്ചിലിനോടുവിൽ ഇഷാൻ പണ്ഡിതയുടെ ഷോട്ട് കീപ്പർ തടുത്തെങ്കിലും ഉടൻ ഇടപെട്ട ഹാരി സോയർ പന്ത് വലയിൽ എത്തിക്കുന്നതിൽ വിജയിച്ചു. അറുപതിയൊന്നാം മിനിറ്റിലാണ് സമനില ഗോൾ എത്തിയത്. പിന്നീട് എൺപത്തിയഞ്ചാം മിനിറ്റിൽ റിത്വിക് ദാസിലൂടെ ജംഷദ്പൂർ നിർണായക ലീഡ് എടുത്തു. ഗെർമൻപ്രീത് സിങ്ങിന്റെ ക്രോസിൽ ഹെഡർ ഉതിർത്താണ് താരം ഗോൾ നേടിയത്. ഇതോടെ ജംഷദ്പൂർ വലിയ ഒരിടവേളക്ക് ശേഷം വീണ്ടും വിജയം നേടി.