ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ സി കെ വിനീതിന് ഇടമില്ല

ഈസ്റ്റ് ബംഗാൾ താരങ്ങളുടെ കരാറിന് യാതൊരു വിലയും നൽകുന്നില്ല എന്ന അഭ്യൂഹങ്ങളും വാർത്തകളും സത്യമാണ് എന്ന് തെളിയുകയാണ്. ഐ എസ് എല്ലിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ സ്ക്വാഡ് ഇന്ന് ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചപ്പോൾ ആ സ്ക്വാഡിൽ മലയാളി സ്ട്രൈക്കർ സി കെ വിനീതിന് ഇടമില്ല. നേരത്തെ ഫുൾബാക്കായ റിനോ ആന്റോയെയും ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ രണ്ട് താരങ്ങളെയും നേരത്തെ ഒരു വർഷത്തെ കരാറിൽ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരുന്നതാണ്.

എന്നാൽ ഐ എസ് എൽ പ്രവേശനവും പുതിയ സ്പോൺസർമായും ഒക്കെ വന്നപ്പോൾ ഈസ്റ്റ് ബംഗാളിന്റെ രീതികളും മാറി. കളിക്കാരുടെ കരാറിനെ മാനിക്കാതെ വിശ്വാസ വഞ്ചന കാണിച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. റിനോ ആന്റോയെ റിലീസ് ചെയത് വേറെ ക്ലബ് കണ്ടെത്താൻ ആയിരുന്നു ഈസ്റ്റ് ബംഗാൾ പറഞ്ഞിരുന്നത്. റിനോ ക്ലബ് വിടുകയും ചെയ്തു. എന്നാൽ സീസണിൽ എല്ലാ ടീമുകളും സ്ക്വാഡ് ഒരുക്കിയ സമയത്ത് പുതിയ ക്ലബ് കണ്ടെത്തുക താരങ്ങൾക്ക് ഒട്ടും എളുപ്പമാകില്ല.

സി കെ വിനീതിനോടും ഇപ്പോൾ ക്ലബ് വിടാൻ തന്നെയാണ് നിർദേശ ലഭിച്ചിരിക്കുന്നത്. താരത്തെ റിലീസ് ചെയ്തിട്ടില്ല എങ്കിലും പുതിയ ക്ലബ് കണ്ടെത്തിയാലെ വിനീതിന് പുതിയ സീസണിൽ കളിക്കാൻ സാധിക്കുകയുള്ളൂ. ഈ മലയാളി താരങ്ങൾ മാത്രമല്ല മിലൻ സിംഗ്, ലാൽറിൻഡിക റാൾട്ടെ, ടൊണ്ടൊബ എന്നിവരൊക്കെ സമാനമായ രീതിയിൽ സ്ക്വാഡിൽ നിന്ന് പുറത്തായിട്ടുണ്ട്. കളിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും സംസാരിക്കുന്ന പ്ലയേർസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ റെനെഡി സിംഗ് ആണ് ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ സഹപരിശീലകൻ എന്നത് ആണ് ഈ വാർത്തകളിലെ വലിയ വിരോധാഭാസം.

Previous articleഇന്ത്യൻ പരിശീലകൻ ഇല്ലാതെ സിംബാബ്‌വെ ടീം പാകിസ്ഥാനിൽ
Next articleകേരളത്തിന്റെ യുവ പ്രതീക്ഷയായ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയ്ക്ക് കളിക്കും