ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒഡീഷ എഫ്സി വീണ്ടും വിജയവഴിയിൽ. ഒഡീഷയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചത്. ഡീഗോ മൗറിസിയോയും നന്ദകുമാറും ഒഡീഷക്ക് വേണ്ടി വലകുലുക്കിയായപ്പോൾ ക്ലീറ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്. തുടർച്ചയായ നാല് മത്സരങ്ങൾക്ക് ശേഷമാണ് ഒഡീഷ വിജയം കാണുന്നത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സിയെ കീഴടക്കിയ ഈസ്റ്റ് ബംഗാൾ ആവട്ടെ, അതേ ഊർജം ഈ മത്സരത്തിലും ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ഒഡീഷക്ക് അഞ്ചാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ആയി. ഈസ്റ്റ് ബംഗാൾ ഒൻപതാമതാണ്.
ഈസ്റ്റ് ബംഗാൾ ലീഡ് എടുക്കുന്നത് കണ്ടാണ് കലിംഗ സ്റ്റേഡിയത്തിൽ മത്സരത്തിന് ചൂടുപിടിച്ചത്. പത്താം മിനിറ്റിൽ വലത് വിങ്ങിൽ അലക്സ് ലിമ ഉയർത്തി നൽകിയ പാസ് പിടിച്ചെടുത്ത് ക്ലീറ്റൺ സിൽവ ബോക്സിലേക്ക് ഓടിക്കയറി. തടയാൻ വന്ന പ്രതിരോധ തരാത്തെയും മുന്നോട്ടു കയറി നിന്ന കീപ്പറേയും മറികടന്ന് ക്ലീറ്റൺ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിട്ടപ്പോൾ സന്ദർശകർ മത്സരത്തിൽ ലീഡ് എടുത്തു. തൊട്ടു പിറകെ സമനില ഗോൾ നേടാനുള്ള അവസരം ജെറി കളഞ്ഞു കുളിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ ഒഡീഷയുടെ ആദ്യ ഗോൾ എത്തി. കോർണറിൽ നിന്നെത്തിയ ബോൾ തടുക്കുന്നതിൽ കീപ്പർക്ക് പിഴച്ചപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ഡീഗോ മൗറിസിയോ അവസരം മുതലാക്കി. ഇടവേളക്ക് തൊട്ടു മുൻപ് ഇഞ്ചുറി ടൈമിൽ ഒഡീഷ ലീഡ് നേടി. ഇടത് വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസ് നൽകാനുള്ള നന്ദകുമാറിന്റെ ശ്രമം ശുവം സെന്നിന് പിടികൊടുക്കാതെ വലയിൽ പതിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ഞെട്ടി.
ഇഞ്ചുറി ടൈം ഗോളിന്റെ ആവേശം രണ്ടാം പകുതിയിലും തുടർന്ന ഒഡീഷ അൻപതിമൂന്നാം മിനിറ്റിൽ തന്നെ ലീഡ് ഉയർത്തി. ബോക്സിനടുത്തു നിന്നും റയനിയർ ഫെർണാണ്ടസ് നൽകിയ പാസ് കാലിൽ കോർത്തു പോസ്റ്റിന് നേരെ ഓടിക്കയറി ഡീഗോ മൗറിസിയോയെ തടുക്കാൻ എതിർ പ്രതിരോധത്തിന് സാധിക്കാതെ വന്നപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു താരം പന്ത് വലയിൽ എത്തിച്ചു. പിന്നീട് ഹാട്രിക്ക് നേടാനുള്ള മൗറിസിയോയുടെ ശ്രമം ശുവം സിങ് സേവ് ചെയ്തു. പിന്നീട് ഗോൾ മടക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെ പോയതോടെ ഒഡീഷ വിജയം ഉറപ്പിച്ചു.