ഡേവിഡ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം റെനെ മുളൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാനിറങ്ങുന്ന ഡേവിഡ് ജെയിംസിന് കീഴിൽ കേരളം ഇന്ന് ആദ്യ മത്സരം കളിക്കും. പൂനെ സിറ്റിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്രതിസന്ധികളിൽ നിന്ന് മറികടക്കാൻ കേരളത്തിന് ഇന്ന് വിജയം കൂടിയേ തീരു.

ബെംഗളുരുവിനെതിരെയേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെയാണ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചത്.  3-1നാണു കേരളം ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനോട് തോറ്റത്. പരിക്ക് മൂലം പല പ്രമുഖ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുന്നത് ഡേവിഡ് ജെയിംസിന് തിരിച്ചടിയാവും.  ബെംഗളുരുവിനെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീതും റിനോ ആന്റോയും ഇന്നും ടീമിൽ ഇടം നേടില്ല. അതെ സമയം പരിക്ക് മാറിയ ബെർബെറ്റോവ് ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്.

ഡേവിഡ് ജെയിംസിന് കീഴിൽ മികച്ച തുടക്കമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ആക്രമണ നിര തന്നെയാവും ജെയിംസ് ഇന്നിറക്കുക. വെസ് ബ്രൗണിനെ ജെയിംസ് എവിടെ കളിപ്പിക്കും എന്നതാവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. മധ്യ നിരയിൽ ബെംഗളുരുവിനെതിരെ ദിവസം മികച്ച പ്രകടനം കാഴ്ചവെക്കാൻ വെസ് ബ്രൗണിന് കഴിഞ്ഞിരുന്നില്ല. നാല് മഞ്ഞ കാർഡ് ലഭിച്ച ലാകിച് പെസിച് ഇന്നത്തെ മത്സരത്തിനുണ്ടാവില്ല എന്നത്കൊണ്ട് തന്നെ വെസ് ബ്രൗൺ പ്രതിരോധനിരയിലേക്ക് മാറാനും സാധ്യതയുണ്ട്.  ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേർന്ന കിസിറ്റോ കെസിറോണിനെ മധ്യ നിരയിൽ കളിപ്പിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ ടീമിലേക്കുള്ള വരവ് ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചത്.

മികച്ച ഫോമിലുള്ള എഫ്.സി ഗോവയെയും ലീഗിൽ കരുത്ത് കാട്ടാൻ കഷ്ട്ടപ്പെടുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയും തോൽപ്പിച്ചാണ് പൂനെ ഇന്നിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ച ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാകും പൂനെ ഇറങ്ങുക. മികച്ച ഫോമിലുള്ള മർസെലിഞ്ഞോയിലും എമിലാനോ അൽഫാറോയിലുമാണ് പൂനെയുടെ പ്രതീക്ഷകൾ. ഇരുവരും കൂടി ലീഗിൽ ഇതുവരെ 10 ഗോളുകൾ നേടിയിട്ടുണ്ട്. ബെംഗളുരുവിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ബൽജിത് സഹ്‌നി വിലക്ക് മാറി ഇന്ന് ടീമിൽ ഇടം നേടും. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിലെ ആദ്യ ഗോൾ നേടിയ മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും പൂനെ നിരയിൽ ഇടം പിടിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial