റോയ്യ് കൃഷ്ണയെ നഷ്ടമായ ബെംഗളൂരു എഫ് സി പുതിയ സ്ട്രൈക്കറെ ടീമിൽ എത്തിച്ചു. 2023-24 സീസൺ അവസാനം വരെ ബീണ്ടു നിൽക്കുന്ന ഒരു വർഷത്തെ കരാറിൽ ഇംഗ്ലീഷ് സ്‌ട്രൈക്കർ കർട്ടിസ് മെയിനെയാണ് ബെംഗളൂരു എഫ്‌സി ടീമിൽ എത്തിച്ചിരിക്കുന്നത്. മെയിൻ, സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ സെന്റ് മിറന് വേണ്ടി ആയിരുന്നു അവസാനം കളിച്ചത്. ഇംഗ്ലീഷ് ക്ലബായ സണ്ടർലാൻഡ് എഎഫ്‌സിയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്.
“ഇത്രയും മഹത്തായ ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. എനിക്ക് ഇവിടെ വിജയം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിൽ ചേരാൻ ഞാൻ കാത്തിരിക്കുകയാണ്” തന്റെ കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മെയിൻ പറഞ്ഞു.
സൗത്ത് ഷീൽഡ്സിൽ ജനിച്ച മെയിൻ, വെറും 15 വയസ്സും 318 ദിവസവും പ്രായമുള്ളപ്പോൾ പീറ്റർബറോയ്‌ക്കെതിരായ ലീഗ് ടു ഏറ്റുമുട്ടലിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയപ്പോൾ ഡാർലിംഗ്ടണിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരുന്നു. 2018ൽ മെയിൻ മദർവെല്ലിനൊപ്പം സ്കോട്ട്ലൻഡിലേക്ക് മാറി.
We’ve got our #MainMan. 🏴
Bengaluru, your new number 9! ⚡#WeAreBFC pic.twitter.com/dt6Pgm5xgN— Bengaluru FC (@bengalurufc) July 18, 2023
“ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും ധാരാളം അനുഭവപരിചയമുള്ള കളിക്കാരനായ കർട്ടിസിനെ സൈൻ ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം സെന്റ് മിറന് വേണ്ടി അദ്ദേഹം വളരെ നന്നായി കളിച്ചു. ഒരു നഗരമെന്ന നിലയിലും ഫുട്ബോൾ ക്ലബ്ബെന്ന നിലയിലും ബെംഗളൂരു അദ്ദേഹത്തിന് ശരിക്കും യോജിച്ചതാണ്, അദ്ദേഹം ഇവിടെയായിരിക്കുമ്പോൾ ധാരാളം ഗോളുകളും അസിസ്റ്റുകളും സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” ബെംഗളൂരു ഹെഡ് കോച്ച് സൈമൺ ഗ്രേസൺ പറഞ്ഞു.