ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിനും സമനിലയിൽ പിരിഞ്ഞു. ഇന്ന് ചെന്നൈയിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-2 എന്ന സമനിലയിലാണ് പിടിച്ചത്. ലീഗിൽ 14 മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു ജയം കണ്ടെത്താൻ ആകുമെന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആഗ്രഹത്തിന് ഒരു ഇഞ്ച്വറി ടൈം ഗോളാണ് ഇന്ന് തടസ്സമായത്.
മത്സരത്തിന്റെ തുടക്കത്തിൽ 17ആം മിനുട്ടിൽ സൈഗാനിയുടെ ഗോളിൽ ചെന്നൈയിൻ ആയിരുന്നു മുന്നിൽ എത്തിയത്. എന്നാൽ മത്സരത്തിൽ 41ആം മിനുട്ടിൽ തോയ് സിങ് ചുവപ്പ് കണ്ട് പുറത്തായതോടെ ചെന്നൈയിൻ സമ്മർദ്ദത്തിലായി. ലഭിച്ച പെനാൾട്ടി ഷാവേസ് ലക്ഷ്യത്തിൽ എത്തിച്ചതോടെ മത്സരം സമനിലയിൽ എത്തി. അതിനു പിന്നാലെ രണ്ടാം പകുതിയിൽ ഷാവേസ് തന്നെ ഗോൾ നേടി നോർത്ത് ഈസ്റ്റിനെ മുന്നിൽ എത്തിച്ചു.
പക്ഷെ വിജയം നേടാൻ നോർത്ത് ഈസ്റ്റിനായില്ല. മത്സരത്തിന്റെ അവസാന നിമിഷം ചാങ്തെയിലൂടെ ചെന്നൈയിൻ സമനില ഗോൾ നേടി. ഇന്ന് വിജയിച്ചുരുന്നു എങ്കിൽ ചെന്നൈയിന് ലീഗിൽ മൂന്നാം സ്ഥാനം ഒപ്പിക്കാമായിരുന്നു. എന്നാൽ ഈ സമനിലയോടെ 18 മത്സരങ്ങളിൽ നിന്ന് 29 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് ചെന്നൈയിൻ ഫിനിഷ് ചെയ്തു.