എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കൊണ്ട് ചെന്നൈയിൻ സീസണിലെ സ്വന്തം തട്ടകത്തിലെ രണ്ടാം വിജയം. ജേതാക്കൾക്കായി റഹീം അലി സ്‌കോർ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. പോയിന്റ് പട്ടികയിൽ ചെന്നൈയിൻ എട്ടാമതും ഈസ്റ്റ് ബംഗാൾ ഒൻപതാമതുമാണ്.
ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ചെന്നൈയിനിൽ നിന്നും അകന്ന് പോകുന്നത് കണ്ടാണ് മത്സരം പുരോഗമിച്ചത്. ഒന്നാം പകുതിയിൽ ഈസ്റ്റ് ബംഗാളിനും സുവർണാവസരം ലഭിച്ചിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ കോർണറിൽ നിന്നും ഫാലു ഡിഗ്നെയുടെ ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചു. ഒഴിഞ്ഞ പോസ്റ്റിന് മുന്നിലേക്ക് കാരികരിയുടെ നിലം പറ്റെയുള്ള ക്രോസിലേക്ക് പക്ഷെ വിൻസി ബറേറ്റോക്ക് കാലെത്തിക്കാൻ ആയില്ല. പിറകെ ഖയാത്തിയുടെ ക്രോസിൽ കാരികാരിയുടെ ഹെഡറും പുറത്തെക്ക് പോയി. പതിയെ അക്രമങ്ങൾ മെനഞ്ഞെടുത്ത ഈസ്റ്റ് ബംഗാളിന് സുഹൈറിലൂടെ മികച്ച ഒരവസരം ലഭിച്ചെങ്കിലും ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. കൗണ്ടറിലൂടെ എത്തിയ സുവർണാവസരത്തിൽ ജേർവിസിന്റെ ഷോട്ട് കീപ്പറേയും മറികടന്നെങ്കിലും പോസ്റ്റിന് ഇഞ്ചുകൾ മാത്രം അകന്ന് പോയി. പിറകെ പരിക്കറ്റ് അൽ ഖായത്തിക്ക് പിച്ച് വിടേണ്ടി വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റഹീം അലി ഒരു അവസരം നഷ്ടപ്പെടുത്തി. നാല്പത്തിയെട്ടാം മിനിറ്റിൽ ചെന്നൈയിന്റെ ഗോൾ എത്തി. അനിരുദ്ധ് ഥാപയുടെ പാസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു ഓടിയെടുത്ത കാരികരിയെ തടുക്കാൻ ഉള്ള ലാൽചുങ്നുങ്ങയുടെ ശ്രമം കാലുകളിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. പിന്നീട് ഇരു ഭാഗത്തേക്കും നീക്കങ്ങൾ വന്നെങ്കിലും കൃത്യമായ ഗോൾ അവസരങ്ങൾ ഉണ്ടായില്ല. എൺപതിയേഴാം മിനിറ്റിൽ ചെന്നൈയിന്റെ രണ്ടാം ഗോൾ എത്തി. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ കീറിമുറിച്ചു എഡ്വിൻ വൻസ്‌പോൾ ബോക്സിലേക്ക് നൽകിയ പാസ് ഓടിയെടുത്ത റഹീം അലി ഗോളിയെയും മറികടന്നാണ് പന്ത് വലയിൽ എത്തിച്ചത്.