ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഇന്ന് എവേ ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ചെന്നൈയിൻ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്. ഇവാൻ വുകമാനോവിച് പരിശീലകനായി എത്തിയ ശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ അഞ്ചു മത്സരങ്ങൾ തോൽക്കുന്നത്.
ഇന്ന് ദിമി പരിക്ക് കാരണം ഇല്ലാതിരുന്നത് ബ്ലാസ്റ്റേഴ്സിന് കളി തുടങ്ങും മുമ്പ് തന്നെ തിരിച്ചടിയായി. ആദ്യ പകിതിയിൽ ഇരു ടീമുകളും അവസരം സൃഷ്ടിക്കാൻ ആകാതെ കഷ്ടപ്പെട്ടു. ആദ്യ പകുതിയിൽ കേരള ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്ക് കാരണം കളം വിടേണ്ടി വന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ചെന്നൈയിന്റെ അറ്റാക്കുകൾ ആണ് കൂടുതൽ കണ്ടത്. അറുപതാം മിനുട്ടിൽ ആകാശ് സാംഗ്വാൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ മറികടന്ന് ചെന്നൈയിന് ലീഡ് നൽകി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പതറി. ചെന്നൈയിൻ പിന്നെയും അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണാൻ ആയി. കേരള ബ്ലാസ്റ്റേഴ്സിന് മറുപടികൾ ഉണ്ടായിരുന്നില്ല.
80ആം മിനുട്ടിൽ ചെന്നൈയിന്റെ അങ്കിത് മുഖർജി ചുവപ്പ് കണ്ട് പുറത്ത് പോയി. ഇത് ചെന്നൈയിനെ പത്തുപേരാക്കി ചുരുക്കി. ആ അഡ്വാന്റേജ് മുതലാക്കി കളിയിലേക്ക് തിരികെ വരാനും ബ്ലാസ്റ്റേഴ്സിനായില്ല.
ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ നാലാം സ്ഥാനവും ആശങ്കയിലാണ്. 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോഴും നാലാം സ്ഥാനത്ത് ഉണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിനെക്കാൾ 2 മത്സരങ്ങൾ കുറവ് കളിച്ച മുംബൈ സിറ്റി 25 പോയിന്റുമായി തൊട്ടു പിറകിലുണ്ട്. ചെന്നൈയിൻ 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.