നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ട്രൈക്കർ ആയിരുന്ന ദേഷോർൺ ബ്രൗൺ ഈസ്റ്റ് ബംഗാളിലേക്ക്. താരവുമായി ഈസ്റ്റ് ബംഗാൾ കരാർ ധാരണയിൽ എത്തിയതായി ദേശീയ മാധ്യമമായ സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. സ്പോൺസർമാരുടെ കാര്യം തീരുമാനമാകുന്നതോടെ ഈസ്റ്റ് ബംഗാൾ ഈ സൈനിം പൂർത്തിയാക്കും.
കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം എഴ് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ഇതുവരെ 39 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ആദ്യം ബെംഗളൂരു എഫ് സിയിലൂടെ ആയിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. അവിടെ തിളങ്ങാൻ ആവാതെ ആയതോടെയാണ് താരം നോർത്ത് ഈസ്റ്റിലേക്ക് എത്തിയത്.
ജമൈക്കയുടെ ദേശീയ ടീമിലെ അംഗമായിരുന്നു ബ്രൗൺ. 31കാരനായ താരം നമ്പർ 10 ആയും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ്. അമേരിക്കൻ ക്ലബായ കൊളറാഡോ റാപിഫ്സിന് മുമ്പ് ബ്രൗൺ കളിച്ചിട്ടുണ്ട്. ചൈന, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായും ബ്രൗൺ ബൂട്ടുകെട്ടിയിട്ടുണ്ട്.