ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കും എന്ന് പറഞ്ഞു, തോൽപ്പിച്ചു തന്നെ തുടങ്ങി, സന്ദശ് ജിങ്കന് ഗംഭീര അരങ്ങേറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് ദിവസം മുമ്പ് എ ടി കെ മോഹൻ ബഗാൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ നടത്തിയ പരാമർശങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര ഇഷ്ടപ്പെടാത്തവ ആയിരുന്നു. ആറു വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാമായിരുന്ന ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കൽ ആണ് ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ അതൊരു പ്രൊഫഷണൽ രീതി മാത്രമായിരുന്നു. തന്റെ എതിരാളികൾ ആരോ അവരെ തോല്പ്പിക്കുക എന്നത്.

എന്നാൽ ജിങ്കനെതിരെ തിരിയുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചിലർ ചെയ്തത്. ജിങ്കൻ എ ടി കെ മോഹൻ ബഗാന് ഒരു ബാധ്യത ആയേക്കും എന്ന് വരെ വിമർശകർ പറഞ്ഞു. എന്നാൽ മുൻ കേരള നായകന് തന്റെ പുതിയ ക്ലബിൽ ഗംഭീര അരങ്ങേറ്റം തന്നെ നടത്താനായി. കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിനെ തിരിക്ക് ഒപ്പം നിന്ന് സമർത്ഥമായി ജിങ്കൻ തടഞ്ഞു. പരിക്കേറ്റ് ഒരു സീസണിലധികം പുറത്ത് നിന്ന ജിങ്കന്റെ ആദ്യ മത്സരമായിരുന്നു ഇത് എന്ന് വരെ ആരും പറയാത്ത രീതിയിലായിരുന്നു ജിങ്കന്റെ പ്രകടനം.

ജിങ്കൻ, തിരി സെന്റർ ബാക്ക് കൂട്ടുകെട്ട് ഈ ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഡിഫൻസീവ് കൂട്ടുകെട്ടുകളിൽ ഒന്നാകും എന്നും ഇന്നലത്തെ എ ടി കെ മോഹൻ ബഗാൻ ഡിഫൻസിനെ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നു. ജിങ്കൻ ഇന്നലെ 9 ക്ലിയറൻസുകളും 2 മികച്ച ടാക്കിളുകളും നടത്തി. രണ്ട് ബ്ലോക്കുകളിലൂടെ അരിന്ദം ഭട്ടാചാര്യക്ക് ഒരു ഷോട്ട് പോലും തടുക്കേണ്ടി വരില്ല എന്നും ഉറപ്പാക്കി. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ജിങ്കൻ ഉണ്ടായിരുന്നത് വെറും ഭാഗ്യം കൊണ്ടായിരുന്നില്ല എന്നും പരിക്ക് ജിങ്കനെ പിറകോട്ട് അടിച്ചിട്ടില്ല എന്നും തെളിയിക്കുന്നത് കൂടി ആയിരുന്നു ഇന്നലത്തെ ജിങ്കന്റെ പ്രകടനം.