കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവയിൽ വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിൽ നിൽക്കുകയാണ്. ആദ്യ 11 മിനുട്ടിനിടയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു പെനാൾട്ടി വഴങ്ങി. ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയ കോസ്റ്റയാണ് പെനാൾട്ടി നൽകിയത്. ആ പെനാൾട്ടി എടുത്ത ലെ ഫോണ്ട്രെ ലക്ഷ്യം കാണുകയും ചെയ്തു. ആ ഗോളിന്റെ ക്ഷീണം മാറും മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും വഴങ്ങി. ഇത്തവണ ഒരു വളരെ മോശം ഡിഫൻഡിംഗ് ആണ് ഗോളിൽ കലാശിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിശ്ചലമായി നിന്നപ്പോൾ ജാഹുവിന്റെ പാസ് ബൗമസിന്റെ കണ്ടെത്തി. അത് സുഖമായി ജാഹു ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.
ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ഒന്നും പോലും ലക്ഷ്യത്തിൽ എത്തിയില്ല. സഹലിന്റെ ഒരു ഗംഭീര മുന്നേറ്റം കാണാൻ ആയെങ്കിലും ആ ഷോട്ട് ലോകോത്തര സേവിലൂടെ മുംബൈ ഗോളി അമ്രീന്ദർ തട്ടിയകറ്റി. കളിയിൽ നാൽപ്പതാം മിനുട്ടിൽ പൂട്ടിയക്കും അവസരം ലഭിച്ചു. പക്ഷെ താരവും കേരള ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടില്ല. മറുവശത്ത് മുംബൈ സിറ്റിയും അവസരങ്ങൾ തുലച്ചു കളയുന്നുണ്ടായിരുന്നു. രണ്ടാം പകുതിയിൽ എങ്കിലും അവസരങ്ങൾ മുതലെടുത്ത് കളിയിലേക്ക് തിരികെ വരാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.