കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രം നൽകിയ സീസൺ, ഇനി വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാം

20201125 125912
Credit: Twitter
- Advertisement -

ഈ സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. കിവു വികൂന എന്ന പേരുകേട്ട ഇന്ത്യയിൽ കഴിവു തെളിയിച്ച പരിശീലകൻ, ക്ലബിന് ആദ്യമായി ഒരു സ്പോർട്സ് ഡയറക്ടർ, വൻ പേരുള്ള വിദേശ താരങ്ങൾ, ഏറെ പ്രതീക്ഷയുള്ള ഒരുപറ്റം യുവതാരങ്ങളും. ഇതൊക്കെ ആയിരുന്നു സീസൺ തുടക്കത്തിലെ പ്രതീക്ഷകൾ. എന്നാൽ ഇന്ന് അവസാന മത്സരം കഴിഞ്ഞ് സീസൺ അവസാനിക്കുമ്പോൾ നല്ലതെന്ന് പറഞ്ഞ് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നുമില്ല. 20 മത്സരങ്ങളിൽ ആകെ മൂന്ന് ജയം. പത്താം സ്ഥാനം എന്ന നാണക്കേടും.

കിവു വികൂനയുടെ തന്ത്രങ്ങൾ ഐ എസ് എൽ തുടക്കം മുതലെ പിഴച്ചു. ഒരോ വർഷവവും പുതിയ പുതിയ സ്ക്വാഡുമായി ഇറങ്ങുന്നത് കൊണ്ട് തന്നെ ടീം ഒന്ന് താളത്തിൽ എത്തുമ്പോഴേക്ക് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. നിർഭാഗ്യങ്ങളും പരിക്കുകളും കേരള ബ്ലാസ്റ്റേഴ്സിന് വിനയായി എത്തി. ആദ്യം ക്യാപ്റ്റൻ സിഡോഞ്ച പരിക്കേറ്റ് പുറത്ത് പോയി. ഫിറ്റ്നെസ് പ്രശ്നങ്ങൾ കാരണം സെന്റർ ബാക്ക് കൂട്ടുകെട്ടുകളായ കോനെയും കോസ്റ്റയും നിരന്തരം കളത്തിനു പുറത്തും അകത്തുമായി മാറിമാറി നിന്നു. ഫുൾബാക്ക് കൂട്ടുകെട്ടായ ജെസലിനും നിശുവിനും തുടർ മത്സരങ്ങൾ ലഭിച്ചേയില്ല. വലിയ പ്രതീക്ഷ നൽകിയ ഫകുണ്ടോ പെരേരയും സീസൺ പകുതിക്ക് വെച്ച് ആശുപത്രി കിടക്കയിൽ ആയി.

പലപ്പോഴും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റും ക്രോസ് ബാറുകളും റഫറിയുടെ തീരുമാനങ്ങളും ഒക്കെ കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിൽ നിന്ന് അകറ്റി. ഡിഫൻസിന്റെ ദയനീയ സ്ഥിതിയും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. എതിർ ടീമിന് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ പ്രകടനം. ആൽബിനോയും സന്ധീപും മാത്രമായി ഡിഫൻസീവ് സൈഡിലെ കേരളത്തിന്റെ പോസിറ്റീവുകൾ.

രാഹുൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവെച്ചു. സഹലിന് മെച്ചപ്പെട്ട സീസൺ ആയിരുന്നു ഇതെങ്കിലും ഫിനിഷിംഗ് ടച്ച് ഇല്ലാത്തത് താരത്തെ പലപ്പോഴും പിറകോട്ട് ആക്കി. വിദേശ താരങ്ങളിൽ വിസെന്റെയും മറെയും പെരേരയും ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ട താരങ്ങളായത്. ഇവരെ അടുത്ത സീസണിൽ നിലനിർത്തണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് പൊതുവായി ഉയരുന്ന സ്വരം. പരിശീലകനെ പുറത്താക്കി എങ്കിലും സ്ക്വാഡിൽ വലിച അഴിച്ചു പണികൾ നടത്താത്തത് ആകും കേരള ബ്ലാസ്റ്റേഴ്സിന് നല്ലത്. പ്രൈം കഴിഞ്ഞ് വിശ്രമിക്കാനെത്തിയ വിദേശ താരങ്ങൾക്ക് പകരം ആത്മാർത്ഥയുള്ളവരെ കൊണ്ട് വന്ന് ഡിഫൻസും അറ്റാക്കും ശക്തമാക്കിയാൽ കേരള ബ്ലാസ്റ്റേഴ്സ് പ്രശ്നങ്ങൾ പലതു പരിഹരിക്കപ്പെടും. സ്ക്വാഡ് വീണ്ടും പൂർണ്ണമായും അഴിച്ചു പണിതാൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വരും.

Advertisement