തുടർച്ചയായ നാലാം ജയവുമായി ബെംഗളൂരു എഫ്സി ഐഎസ്എല്ലിൽ കുതിക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ അവർ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി. സീസണിലെ കണ്ടെത്തലുകളിൽ ഒരാളായ ശിവശക്തി നാരായൺ രണ്ടു ഗോളുകൾ നേടിയപ്പോൾ രോഹിത് കുമാർ ആണ് ബെംഗളൂരുവിന്റെ മറ്റൊരു ഗോൾ നേടിയത്. ചെന്നൈയിന്റെ ആശ്വാസ ഗോൾ വാൻസ്പോൾ കണ്ടെത്തി. ചെന്നൈയിൻ പോയിന്റ് പട്ടികയിൽ എട്ടാമത് തുടരുകയാണ്. ബെംഗളൂരു ആറാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.
അവസാന മത്സരങ്ങളിൽ തുടരുന്ന മികച്ച പ്രകടനം തന്നെയാണ് ബെംഗളൂരു ഇന്നും ആവർത്തിച്ചത്. ആദ്യ പകുതിയിൽ കളം നിറഞ്ഞ ബെംഗളൂരു മൂന്ന് ഗോളുകളാണ് എതിർ പോസ്റ്റിൽ നിക്ഷേപിച്ചത്. പതിനഞ്ചാം മിനിൽ ബെംഗളൂരു ആദ്യ ഗോൾ നേടി. ചെന്നൈയിന്റ കോർണറിൽ നിന്നാരംഭിച്ച കൗണ്ടർ അറ്റാക്കിൽ റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച ശിവശക്തി കീപ്പർ മാത്രം മുന്നിൽ നിൽക്കെ വല കുലുക്കി. എട്ടു മിനിറ്റിന് ശേഷം കീപ്പർക്ക് മുകളിലൂടെ കോരിയിട്ട മനോഹരമായ ഒരു ഫിനിഷിങിലൂടെ ശിവശക്തി ഒരിക്കൽ കൂടി ഗോൾ നേടി.
മുപ്പതാം മിനിറ്റിൽ രോഹിത് കുമാറിന്റെ ഗോൾ കൂടി ആയതോടെ ബെംഗളൂരു പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയിൽ കാര്യമായ നീക്കങ്ങൾക്ക് ഒന്നും ബെംഗളൂരു ശ്രമിച്ചില്ല. അൻപത്തിയൊൻപതാം മിനിറ്റിൽ തന്നെ എഡ്വിൻ വാൻസ്പോളിലൂടെ ചെന്നൈയിൻ ഒരു ഗോൾ മടക്കിയെങ്കിലും കൂടുതൽ ഗോളുകൾ കണ്ടെത്താൻ അവർക്കായില്ല. ഇതോടെ മത്സരം.ബെംഗളൂരു അനായാസം കൈക്കലാക്കി.