ബംഗളൂരു എഫ്‌സി മാനേജ്മെന്റ് അവരുടെ ക്ലബിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരാൻ ആയി വലിയ അഴിച്ചുപണികൾ നടത്തുകയാണ്. അവർ ആൽബർട്ട് റോക്കയെ ടെക്‌നിക്കൽ കൺസൾട്ടന്റായും ഡാരൻ കാൽഡെറയെ ഫുട്‌ബോൾ ഡയറക്ടറായും നിയമിച്ചു. ഫെബ്രുവരി 1 മുതൽ ഇരുവരും ചുമതലയേൽക്കും.
2016 മുതൽ 2018 വരെ ബെംഗളൂരു ക്ലബ്ബിന്റെ പരിശീലകനായിരുന്നു ആൽബർട്ട് റോക്ക. ക്ലബ്ബിന്റെ ഫിലോസഫി നന്നായി അറിയുന്ന ആളാണ്. രണ്ട് സീസണുകളിൽ പരിശീലകനായിരിക്കെ റോക്ക ബെംഗളൂരു എഫ്‌സിയെ ചരിത്രപരമായ എഎഫ്‌സി കപ്പ് ഫൈനലിലേക്കും ഫെഡറേഷൻ കപ്പ് കിരീടത്തിലേക്കും നയിച്ചു.
ക്ലബ്ബിനൊപ്പം മൂന്ന് സീസണുകൾ ചെലവഴിച്ച ഡാരൻ കാൽഡെറയ്ക്ക് റിക്രൂട്ട്മെന്റിന്റെയും ഫുട്ബോൾ ഡെവലപ്മെന്റിന്റെയും ചുമതലയാകും ഉണ്ടാവുക. 2013-ൽ ബെംഗളൂരു ക്ലബ്ബിന്റെ ആദ്യ ടീമിന്റെ ഭാഗമായിരുന്ന കാൽഡെറ, അവരുടെ അരങ്ങേറ്റ സീസണിൽ ഐ-ലീഗും അടുത്ത വർഷം ഫെഡറേഷൻ കപ്പും നേടാൻ ടീമിനെ സഹായിച്ചു. .