ഐ എസ് എൽ പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ബെംഗളൂരു എഫ് ഐയും കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. മത്സരം 90 മിനുട്ട് കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. നോക്കൗട്ട് മത്സരമായത് കൊണ്ടുതന്നെ ഇരു ടീമുകളും കരുതലോടെയാണ് ഇതുവരെ മത്സരത്തെ സമീപിച്ചത്. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഇന്ന് ലൈനപ്പ് ആകെ മാറ്റി ഇതുവരെ പരീക്ഷിക്കാത്ത ഒരു ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മികച്ച ഫോമിൽ ഉള്ള ബെംഗളൂരു എഫ് സിയെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് തളക്കുക എളുപ്പമല്ല എന്നത് കൊണ്ടു തന്നെ ഡിഫൻസിൽ ഊന്നിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കളിച്ചത്. ആദ്യ പകുതിയിൽ നല്ല അറ്റാക്കുകൾ വന്നത് ബെംഗളൂരു എഫ് സിയിൽ നിന്ന് ആയിരുന്നു. ഒരു തവണ ഗിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തേണ്ടതും വന്നു.
ലെസ്കോവിചും മോംഗിലും അടങ്ങിയ ഡിഫൻസ് ഭേദിക്കുക ബെംഗളൂരുവിന് എളുപ്പമായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില നല്ല നീക്കങ്ങൾ വന്നു. 32ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു എങ്കിലും മോംഗിലിന് അത് മുതലെടുക്കാൻ ആയില്ല. ഹാഫ്ടൈമിന് തൊട്ടു മുമ്പ് ബ്ലാസ്റ്റേഴ്സിന് ഒരു ഫ്രീകിക്കിൽ നിന്നും അവസരം കിട്ടി എങ്കിലും അതും ഗോളിലേക്ക് എത്തിയില്ല.
രണ്ടാം പകുതിയിലും ഗോൾ പിറക്കാത്തതോടെ കേരള ബ്ലാസ്റ്റേഴ്സ് സഹലിനെയും ആയുഷിനെയും കളത്തിൽ എത്തിച്ചു. എന്നിട്ടും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സ് പാടുപെട്ടു. റിസ്ക് എടുത്ത് അറ്റാക്ക് ചെയ്ത് കളിക്കാൻ ബെംഗളൂരു എഫ് സിയും തയ്യാറായില്ല. അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് കളിയിൽ കൂടുതൽ നിയന്ത്രണം കൈവരിച്ചത് എക്സ്ട്രാ ടൈമിലേക്ക് പോകുമ്പോൾ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.