ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിന് വീണ്ടും സമനിലകുരുക്ക്. ഹൈദരാബാദ് എഫ്സിയാണ് പത്ത് പേരുമായി പൊരുതി ചാമ്പ്യന്മാരായ ബെംഗളൂരുവിനെ സമനിൽയിൽ കുരുക്കിയത്. ഇഞ്ചുറി ടൈമിൽ സൂപ്പർ സബ്ബ് റോബിൻ സിംഗിന്റെ ഗോളാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ്സി ഗോൾ നേടി.
ഹൈദരാബാദ് ഗോൾ കീപ്പർ കമൽജിത്തിന്റെ പിഴവ് മുതലെടുത്താണ് ബെംഗളൂരു എഫ്സി ആദ്യ ഗോൾ നേടിയത്. മോശം ക്ലിയറൻസിന് പിന്നാലെ റൾട്ടേയുടെ മിസ്സ് പാസ്സ് മുതലാക്കി ഛേത്രി ഗോളടിക്കുകയായിരുന്നു. 13ആം മിനുട്ടിൽ റഫറി ബെംഗളൂരുവിനനുകൂലമായ ഒരു പെനാൽറ്റി അനുവദിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ പൻവാർ ചുവപ്പ് കണ്ട് പുറത്ത് പോയി. ബെംഗളൂരു ഐഎസ്എല്ലിൽ ഇനി ഒഡീഷ എഫ്സിയെ നേരിടും. അതേ സമയം ഹൈദരബാദിന്റെ എതിരാളികൾ എഫ്സി ഗോവയാണ്.