കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ ബെംഗളൂരു എഫ്‌സി 3-1ന്റെ നിർണായക വിജയം ഉറപ്പിച്ചു. ഈ തോൽവിയോടെ എഫ്‌സി ഗോവയുടെ പ്ലേഓഫിലെ പ്രതീക്ഷകൾ തകർന്നു. ഇന്ന് ജയിച്ചാൽ അവർക്ക് പ്ലേ ഓഫിൽ കയറാമായിരുന്നു. ഗോവ തോറ്റതോടെ ഒഡീഷ എഫ്‌സി പ്ലേഓഫിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
കളിയുടെ ആറാം മിനിറ്റിൽ ശിവശക്തിയുടെ ഗോളിൽ ബെംഗളൂരു എഫ്‌സി തുടക്കത്തിലേ ലീഡ് നേടി. എഫ്‌സി ഗോവ പിന്നിലായപ്പോൾ നന്നായി പ്രതികരിക്കുകയും ചില നല്ല അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു, 33-ാം മിനിറ്റിൽ ഐക്കർ സ്‌കോർലൈൻ സമനിലയിലാക്കി.
76-ാം മിനിറ്റിൽ ശിവശക്തി തന്റെ രണ്ടാം ഗോൾ നേടിയതോടെ ബെംഗളൂരു എഫ്‌സി ലീഡ് തിരിച്ചുപിടിച്ചു. 81-ാം മിനിറ്റിൽ പെരെസിന്റെ മൂന്നാം ഗോളിലൂടെ ബെംഗളൂരു എഫ്‌സി വിജയം ഉറപ്പിച്ചു.
ജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബെംഗളൂരു എഫ്‌സി ഐഎസ്‌എൽ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി. മറുവശത്ത്, എഫ്‌സി ഗോവ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.