എഫ്സി ഗോവയെ അവരുടെ തട്ടകത്തിൽ വെച്ച് വീഴ്ത്തി ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം ജയം കുറിച്ചു. തുടർച്ചയായ നാല് മത്സരങ്ങളിൽ പിണഞ്ഞ തോൽവിയിൽ നിന്നും തിരിച്ചു വരാനും മികച്ച വിജയത്തോടെ ബെംഗളൂരുവിനായി. ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ ആണ് അവർക്ക് തുണയായത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്കുയരാനും ബെംഗളൂരുവിനായി. അതേ സമയം എഫ്സി ഗോവ നാലാമത് തുടരുകയാണ്.
ഗോവയുടെ അക്രമണങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരു ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഗോവയിൽ നിന്നും റാഞ്ചിയെടുത്ത പന്തുമായി കുതിച്ച റോയ് കൃഷ്ണ, ഹെർണാണ്ടസിന് മറിച്ചു നൽകി. താരം അനായാസം വല കുലുക്കി. ഗോവ വീണ്ടും പലതവണ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ബെംഗളൂരു പ്രതിരോധവും കീപ്പർ സന്ധുവിന്റെ പ്രകടനവും നിർണായകമായിരുന്നു. രണ്ടാം പകുതിയിലും ഗോവ ആക്രമണം കടുപ്പിച്ചു. എന്നാൽ ആദ്യ പകുതിയിൽ എന്ന പോലെ വീണ്ടും ബെംഗളൂരു തന്നെ വല കുലുക്കി. ഗോവയുടെ കോർണറിൽ നിന്നും ലഭിച്ച ബോളുമായി കുതിച്ച ഉദാന്ത സിങ്, ഒരിക്കൽ കൂടി കൃത്യ സ്ഥാനത്തു ഇടം പിടിച്ചു നിന്ന ഹെർണാണ്ടസിന് പന്ത് കൈമാറി. ഗോൾ കീപ്പറേ മറികടക്കേണ്ട ചുമതലയെ താരത്തിന് ഉണ്ടായിരുന്നുള്ളൂ.
അവസാന മിനിറ്റുകളിൽ ഗോവ കൈമെയ് മറന്ന് ഗോൾ നേടാനായി ആർത്തിരമ്പി. എന്നാൽ എല്ലാം ബെംഗളൂരു പ്രതിരോധത്തിൽ തട്ടി വിഫലമാവുകയാണ് ഉണ്ടായത്.