ഇഞ്ചുറി ടൈമിൽ വീണു കിട്ടിയ ഫ്രീകിക്കിൽ ക്ലീറ്റൺ സിൽവ രക്ഷകനായി അവതരിച്ചപ്പോൾ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഈസ്റ്റ് ബംഗാളിന് വിജയം. ക്ലീറ്റൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ യാവി ഹെർണാണ്ടസാണ് ബെംഗളൂരുവിന് വേണ്ടി വല കുലുക്കിയത്. ഇതോടെ ബെംഗളൂരുവിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ആദ്യ പകുതിയിൽ. ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ഇരു ടീമുകളും ബുദ്ധിമുട്ടി. റാഞ്ചിയെടുത്ത ബോളുമായി കുതിച്ച അലക്‌സ് ലിമ ബോക്സിന് അരികിൽ നിന്നായി തൊടുത്ത ഷോട്ട് എതിർ പ്രതിരോധത്തിൽ തട്ടി തെറിച്ചു. നോറം സിങിന്റെ ക്രോസിൽ കൃത്യമായി തലവെക്കാൻ ക്ലീറ്റൺ സിൽവക്ക് ആയെങ്കിലും ഗുർപ്രീത് സിങ് അനായാസം കയ്യിലാക്കി. ക്ലീറ്റണെ ലക്ഷ്യമാക്കി വന്ന മറ്റൊരു ക്രോസിൽ സന്ദേഷ് ജിങ്കൻ ഹെഡറിലൂടെ അപകടം ഒഴിവാക്കി. റോയ് കൃഷ്ണയുടെ ഒരവസരം ലക്ഷ്യത്തിൽ നിന്നകന്ന് പോയപ്പോൾ പാബ്ലോ പേരെസിന്റെ പാസിൽ ബോക്സിന് ഉള്ളിൽ നിന്നായി റോയ് കൃഷ്ണ തൊടുത്ത ഷോട്ട് കോർണർ വഴങ്ങിയാണ് സുവം സെൻ രക്ഷിച്ചെടുത്തത്. മുപ്പത്തിയെട്ടാം മിനിറ്റിൽ ഈസ്റ്റ്ബംഗാളിന്റെ ഗോൾ എത്തി. റോഷൻ നോറത്തിന്റെ ഹാൻഡ്ബാളിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിസിലൂതുകയായിരുന്നു. കിക്ക് എടുത്ത ക്ലീറ്റൺ സിൽവ അനായസം ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയിൽ ബെംഗളുരു സമനില ഗോൾ കണ്ടെത്തി. അൻപത്തിയഞ്ചാം മിനിറ്റിൽ റോയ് കൃഷ്ണയുടെ അസിസ്റ്റിൽ യാവിയർ ഹെർണാണ്ടസാണ് വല കുലുക്കിയത്. പിന്നീട് മുന്നോട്ടു കയറി വന്ന സുവം സെൻ സുനിൽ ഛേത്രിയുടെ മുന്നേറ്റത്തിന് തടയിട്ടു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ്, ജോർദാനെ വീഴ്ത്തിയതിന് ബോക്സിന് തൊട്ടടുത്തു നിന്നായി റഫറി ഫ്രീകിക്ക് അനുവദിച്ചു. നിർണായ സമയത്ത് പതറാതെ ലക്ഷ്യം കാണാൻ ക്ലീറ്റണ് സാധിച്ചതോടെ ഈസ്റ്റ് ബംഗാൾ മത്സരം കൈപ്പിടിയിൽ ഒതുക്കി.